KeralaNews

വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വയോജന പാര്‍ക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക് സ്വസ്ഥ ജീവിതം പ്രദാനം ചെയ്യുന്നതിനും അവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും വേണ്ടിയാവിഷ്‌ക്കരിച്ച വയോജന നയം അനുസരിച്ച് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംസ്ഥാന വയോജന ക്ഷേമ പദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി അവര്‍ക്ക് മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കൊരുക്കുന്നത്. വയോജന പാര്‍ക്കിന് വേണ്ടി സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ്, തുറന്ന വിശ്രമ കേന്ദ്രം, പാര്‍ക്കിന്റെ സൗന്ദര്യവത്ക്കരണം, ടോയിലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഫൗണ്ടന്‍, പൂന്തോട്ട നിര്‍മ്മാണം, സിമന്റ് ബഞ്ചുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഭാവിയില്‍ വയോജന പാര്‍ക്കുകള്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശീയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. ഈ കോവിഡ് കാലത്തും വയോജന ക്ഷേമം മുന്‍നിര്‍ത്തി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ചേര്‍ന്ന് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 47 ലക്ഷം വയോജനങ്ങളുമായി അങ്കണവാടി പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയും അവരുടെ ക്ഷേമത്തിനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വയോജനങ്ങളുടെ സമഗ്ര പരിരക്ഷയ്ക്കായി ഗ്രാന്റ്‌കെയര്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker