ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ വിപ്ലവം തീർക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ. ബുക്കിങ്ങിൽ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വിൽപ്പനയിലും വിൽപ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പർച്ചേസ് വിൻഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ 1100 കോടി രൂപയാണ് വിൽപ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല സ്കൂട്ടർ അവതരണത്തിന് മുമ്പ് സ്വന്തമാക്കിയ റെക്കോഡ്.
രണ്ട് ദിവസത്തിനുള്ളിൽ 1100 കോടി രൂപയുടെ വിൽപ്പനയാണ് ഞങ്ങൾ നേടിയിരിക്കുന്നത്. മൂല്യത്തിൽ അടിസ്ഥാനത്തിൽ ഇത് ഏറ്റവും ഉയർന്ന വിൽപ്പനയാണ്. വാഹന വ്യവസായത്തിൽ മാത്രമല്ല, ഇന്ത്യയിലെ ഇ-കൊമേഴ്സ് ചരിത്രത്തിൽ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളത്. നമ്മൾ ശരിക്കും ഡിജിറ്റൽ ഇന്ത്യയിൽ തന്നെയാണ് ജീവിക്കുന്നതെന്ന് വീണ്ടും തെളിയുന്നതായി ഒല ഗ്രൂപ്പ് സി.ഇ.ഒ. ഭവീഷ് അഗർവാൾ അഭിപ്രായപ്പെട്ടു.
ഒല ഇലക്ട്രിക്കിന്റെ പർച്ചേസ് വിൻഡോ നിലവിൽ അടച്ചിരിക്കുകയാണ്. എന്നാൽ, റിസർവേഷൻ ഇപ്പോഴും തുടരുന്നുണ്ട്. പർച്ചേസ് വിൻഡോ നവംബർ ഒന്നാം തിയതി വീണ്ടും തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ബുക്ക് ചെയ്യാമെന്നും ഒല അറിയിച്ചു. മുൻപ് തന്നെ ബുക്ക് ചെയ്തിട്ടും കഴിഞ്ഞ ദിവസങ്ങളിൽ വാഹനം ലഭിക്കാത്തവർക്ക് നവംബർ ഒന്നാം തിയതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഒല ഉറപ്പുനൽകി.
എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്കൂട്ടറുകൾ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും. എസ്-1 പ്രോയാണ് ഒല സ്കൂട്ടർ നിരയിലെ ഉയർന്ന വകഭേദം. അടിസ്ഥാന വേരിയന്റിൽ നിന്ന് വ്യത്യസ്തമായി വോയിസ് കൺട്രോൾ, ഹിൽ ഹോർഡ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയിൽ നൽകിയിട്ടുള്ളത്. 90 കിലോമീറ്റർ പരമാവധി വേഗത എടുക്കാൻ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റർ റേഞ്ചും 115 കിലോമീറ്റർ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റർ റേഞ്ചുമാണുള്ളത്.
8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാൽ, എസ്1-ൽ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയിൽ 3.97 kWh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ്-1, 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ ആറര മണിക്കൂറാണ് എടുക്കുന്നത്.