KeralaNews

‘പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലാഭിക്കാം’ നിർദ്ദേശവുമായി മുൻ മന്ത്രി ഏ.കെ.ബാലൻ

തിരുവനന്തപുരം:കൽക്കരി ക്ഷാമത്തെത്തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അത് കേരളത്തെയും ബാധിക്കും. ഈ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് താത്കാലികമായെങ്കിലും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാർഗം ഊർജസംരക്ഷണ പ്രവർത്തനങ്ങളാണ്. പ്രത്യേകിച്ച് പീക്ക് ലോഡ് സമയത്ത് (വൈകീട്ട് ആറര മുതൽ രാത്രി 10വരെയുള്ള സമയത്ത്) 10 ശതമാനം ഊർജ ഉപഭോഗം കുറയ്ക്കാൻ കഴിഞ്ഞാൽ ഇതിനെ തരണംചെയ്യാൻ നമുക്കുകഴിയും.മുൻ വൈദ്യുതി മന്ത്രി ഏ.കെ.ബാലൻ

കുറിപ്പിൻ്റെ പൂർണ്ണ രൂപമിങ്ങനെ:

ഊർജസംരക്ഷണപദ്ധതി 2006 – 2011 ഘട്ടത്തിൽ കെ.എസ്.ഇ.ബി. ഫലപ്രദമായി നടപ്പാക്കിയിരുന്നു. ജനങ്ങൾ സ്വമേധയാ സഹകരിച്ചു. അന്ന് പീക്ക് ലോഡ് സമയത്തെ 150 മെഗാവാട്ട് കുറവ് പരിഹരിച്ചത് 75 ലക്ഷം വീടുകളിൽ സൗജന്യനിരക്കിൽ ഒന്നരക്കോടി സി.എഫ്.എൽ. ബൾബുകൾ നൽകിയതുകൊണ്ടാണ്. കേന്ദ്രവിഹിതം 1200 മെഗാവാട്ടിൽനിന്ന് 800 മെഗാവാട്ടായി കുറച്ച ഘട്ടത്തിലാണ് ഈ ഇടപെടൽ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിയത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് കേരളത്തിന് കേന്ദ്രസർക്കാർ അവാർഡും നൽകി. അന്നത്തെ ഊർജവകുപ്പ് ജോയന്റ് സെക്രട്ടറി ആയിരുന്നു ഇന്നത്തെ കേരളത്തിന്റെ ചീഫ് സെക്രട്ടറി.

100 മെഗാവാട്ട് കൂടിയ വിലയിൽ പവർ എക്സ്ചേഞ്ച് വഴി കേരളം വാങ്ങുന്നതിന് ദിനംപ്രതി രണ്ടു കോടി രൂപ വേണ്ടിവരുമെന്നും ഈ പണം കെ.എസ്.ഇ.ബി.ക്ക് സർക്കാർ തരണമെന്നും വൈദ്യുതിവകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ഈ ബാധ്യത ഒഴിവാക്കാനാണ് ഊർജസംരക്ഷണത്തിന് പ്രാധാന്യം കൊടുത്ത് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നത്.

പ്രതിസന്ധി തരണം ചെയ്യാൻ

ഊർജസംരക്ഷണംകൊണ്ട് വൈദ്യുതിപ്രതിസന്ധി താത്കാലികമായി മുറിച്ചുകടക്കാം. പക്ഷേ, കേരളം പോലുള്ള ഒരു മാതൃകാ സംസ്ഥാനത്തിന് ഊർജ പ്രതിസന്ധി സ്ഥായിയായി പരിഹരിക്കാനും ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇതുകൊണ്ടൊന്നും കഴിയില്ല. ഈ ദിശയിൽ വലിയമാറ്റത്തിന് തുടക്കംകുറിച്ചത് പിണറായി വിജയൻ വൈദ്യുതി വകുപ്പ് മന്ത്രിയായ 1996- 2001 ലെ നായനാർ സർക്കാരിന്റെ കാലത്താണ്. വൈദ്യുതി മേഖലയിൽ ഏറ്റവും കൂടുതൽ ജനറേഷൻ വർധന അക്കാലത്താണുണ്ടായത്. എന്നാൽ, അന്ന് തുടക്കം കുറിച്ചതും പൂർത്തീകരിച്ചതുമായ കായംകുളം താപവൈദ്യുതനിലയം അടക്കമുള്ള ചില പദ്ധതികൾ, നാഫ്തയുടെ താങ്ങാൻ പറ്റാത്ത വിലവർധന കാരണം നിർത്തിവെക്കേണ്ടിവന്നു.

ഇത് കോൺഗ്രസ് സർക്കാരിന്റെ തെറ്റായ നയത്തിന്റെ ഫലമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്നീടുവന്ന വി.എസ്. സർക്കാർ, ശ്രദ്ധിക്കപ്പെട്ട വൻകിട പദ്ധതികൾക്ക് രൂപംനൽകാൻ നിർബന്ധിക്കപ്പെട്ടത്. സമ്പൂർണ വൈദ്യുതീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതും ഈ ഘട്ടത്തിലാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ജില്ല (പാലക്കാട് ജില്ല) സമ്പൂർണമായി വൈദ്യുതീകരിച്ചു. അന്നത്തെ കേന്ദ്ര ഊർജവകുപ്പ് മന്ത്രി സുശീൽ കുമാർ ഷിന്ദേ ഒറ്റപ്പാലത്ത് ഇതിന്റെ പ്രഖ്യാപനം നടത്തി.

ഇല്ലാതാക്കിയ പദ്ധതികൾ

പ്രധാനപ്പെട്ട വൻകിട പദ്ധതിയായിരുന്ന ചീമേനി വൈദ്യുതപദ്ധതിക്കുവേണ്ടി ആ ഘട്ടത്തിലാണ് 2000 ഏക്കർ ഭൂമി കൃഷിവകുപ്പിൽനിന്ന് കെ.എസ്.ഇ.ബി. ഏറ്റെടുത്തത്. അന്ന് കൃഷിവകുപ്പ് മന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ ഒരു തടസ്സവുമില്ലാതെയാണ് ഈ ഭൂമി കൈമാറിയത്. 4000 മെഗാവാട്ട് പദ്ധതി ആയിരുന്നു ലക്ഷ്യം. ഈ പദ്ധതി പാരിസ്ഥിതിക വിവാദത്തിൽ കുടുങ്ങി. ഭരണപക്ഷ-പ്രതിപക്ഷ വിഭാഗങ്ങളിൽനിന്നുവന്ന എതിർപ്പുകാരണം, കേരളത്തെ വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ കഴിയുമായിരുന്ന പദ്ധതി ഇല്ലാതായി

രണ്ടാമത്തെ വൻകിട പദ്ധതി ആയിരുന്നു ഒഡിഷയിലെ വൈതരണി താപവൈദ്യുത പദ്ധതി. ഒഡിഷയിൽ 4000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള, താപവൈദ്യുതിക്ക് ആവശ്യമായിട്ടുള്ള കൽക്കരിപ്പാടം ഒഡിഷ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകി. കേരളത്തെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അന്ന് ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടൽ കേന്ദ്രസർക്കാരിൽ നടത്തിയിരുന്നു. അങ്ങനെ കൽക്കരിപ്പാടം ഒഡിഷയിലെ വൈതരണിയിൽ ലഭ്യമായതിനുശേഷം മൂന്നു സംസ്ഥാനങ്ങൾ ചേർന്ന് ഒരു കമ്പനി രൂപവത്കരിച്ചു. 4000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള താപവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിൽ കേരളത്തിന്റെ വിഹിതം ആയിരം മെഗാവാട്ട് ആയിരുന്നു. എന്നാൽ, പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ 2011-2016 ഘട്ടത്തിൽ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതി വകുപ്പ് മന്ത്രിയും ആയിരുന്ന ഘട്ടത്തിൽ, എൽ.ഡി.എഫ്. സർക്കാർ തുടങ്ങിവെച്ച പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ല.

അതിരപ്പിള്ളി പദ്ധതി വേണ്ടതായിരുന്നു

വി.എസ്. സർക്കാർ രണ്ട് ഇടത്തരം ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി. അതിരപ്പിള്ളി, പാത്രക്കടവ് എന്നീ ജലവൈദ്യുത പദ്ധതികൾ. പരിസ്ഥിതിപ്രശ്നത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഇച്ഛാശക്തി കുറവുകാരണം രണ്ടും അവസാനിപ്പിക്കേണ്ടിവന്നു. അതിരപ്പിള്ളി പദ്ധതിയുടെ കാര്യമാണ് ഏറ്റവും ദുഃഖകരം. 15 വർഷത്തെ ശക്തമായ നടപടികളിലൂടെ മൂന്നുതവണ പരിസ്ഥിതി ക്ലിയറൻസ് കിട്ടി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ അവാർഡ് ചെയ്ത പദ്ധതിയാണ് ഈ ലേഖകൻ മന്ത്രിയായിരുന്ന ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടിവന്നത്.

അന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജയറാം രമേഷ് ഫയലിൽ എഴുതിവെച്ചത് ഇങ്ങനെയാണ് ‘എനിക്ക് സ്വയം ബോധ്യപ്പെട്ടു, അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ഹാനികരമാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർക്കും ഇതേ അഭിപ്രായമാണ്’. അതായത്, രണ്ട് വ്യക്തികൾക്ക് തോന്നിയ വ്യക്തിപരമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ 15 വർഷം പഴക്കമുള്ള ഒരു പദ്ധതി, 250 മെഗാവാട്ടിന്റെ ഒരു ജലവൈദ്യുത പദ്ധതി ഇല്ലാതായി.

കുറച്ചുനേരത്തേക്ക് ഫ്രിഡ്ജ് ഓഫാക്കൂ

കൽക്കരിക്ഷാമത്തിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിൽ പവർകട്ടോ ലോഡ്ഷെഡ്ഡിങ്ങോ ഇപ്പോൾ ആവശ്യമില്ല. ഒരുകാര്യം വൈദ്യുതി ഉപഭോക്താക്കൾ ശ്രദ്ധിക്കുമോ? പീക്ക് ലോഡ് സമയത്ത് (വൈകീട്ട് ആറര മുതൽ രാത്രി 10 മണി വരെ) വൈദ്യുതി ഉപഭോക്താക്കൾ ഫ്രിഡ്ജ് ഓഫാക്കിയാൽ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലാഭിക്കാൻ കഴിയും. അതോടുകൂടി തീരാവുന്നതാണ് ഈ പ്രശ്നം. ഇപ്പോൾ പീക്ക് ലോഡ് ഡിമാൻഡ് 3800 മെഗാവാട്ടാണ്. ഇതിന്റെ 10 ശതമാനം ഊർജം സംരക്ഷിക്കാൻ ഇതുവഴി നമുക്ക് സാധിക്കും.

പാത്രക്കടവും മുടക്കി

സൈലന്റ് വാലി പദ്ധതിക്ക് പൊതുസമൂഹം എതിരായിരുന്നു. എന്നാൽ, പാത്രക്കടവ് പദ്ധതിയുടെ കാര്യം അതായിരുന്നില്ല. സൈലന്റ് വാലിയിൽനിന്ന് വരുന്ന വെള്ളം കുന്തിപ്പുഴ വഴി അറബിക്കടലിൽ പോയി പതിക്കുകയാണ്. ഇതിനിടയിൽ മണ്ണാർക്കാടിനു സമീപം ഒരു പാരിസ്ഥിതികപ്രശ്നവുമില്ലാതെ ‘റൺ ഓഫ് ദി റിവർ’ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ചില വ്യക്തികളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ, പരിസ്ഥിതി വക്താക്കളുടെ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ ആ പദ്ധതിയും ഇല്ലാതായി.

കാറ്റാടിയേയും അട്ടിമറിച്ചു

ജലവൈദ്യുത പദ്ധതികളുടെ കാര്യം ഇതാണെങ്കിൽ പാരമ്പര്യേതര മാർഗങ്ങളുപയോഗിച്ച് ഇത്തിരി വൈദ്യുതി ഉത്പാദിപ്പിക്കാൻ കാറ്റാടി വഴി കഴിയുമായിരുന്നു. ആ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇടുക്കിയിലെ രാമക്കൽമേട്ടിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും ഒരു ശ്രമം നടത്തിയത്. 100 മെഗാവാട്ട് ആയിരുന്നു ലക്ഷ്യം. 38 മെഗാവാട്ട് ഉത്പാദിപ്പിച്ചു. അപ്പോഴേക്കും വിവാദമാക്കി. ആദിവാസിഭൂമി നഷ്ടപ്പെടുത്തി, കാറ്റിന്റെ ഗതിയെ മാറ്റുന്നതാണ് കാറ്റാടി പദ്ധതിയെന്ന കള്ളപ്രചാരണം നടത്തി.

സ്വയംപര്യാപ്തമാവണം

കേരളത്തെ വൈദ്യുതിമേഖല സ്വയംപര്യാപ്തമാക്കാൻ ഇപ്പോഴും നമുക്ക് കഴിയും. വൈദ്യുതി മിച്ചം ഉണ്ടാക്കി പുറത്തു നല്ലവിലയ്ക്ക് വിൽക്കാനും കഴിയും. ആയിരം മെഗാവാട്ട് സൗരോർജ പദ്ധതി പെട്ടെന്നുതന്നെ പൂർത്തിയാക്കാൻ നമുക്ക് കഴിയണം. പ്രശ്നമിതാണ്. ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായ നിലപാട് സ്വീകരിക്കുമോ? വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 25 വർഷത്തേക്ക് ഏതാണ്ട് 65,000 കോടി രൂപ ചെലവിൽ 800 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ കരാർ ഒപ്പിട്ട സംസ്ഥാനമാണ് കേരളം എന്നുകൂടി ഓർക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker