നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി.
നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മ. വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം. ( Nupur Sharma should apologize to the nation; Supreme Court )
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവര്‍ സുപ്രിംകോടതിയില്‍ ഹര്‍ജിയുമായെത്തിയത്. ഹര്‍ജി പരിഗണിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച കോടതി നൂപുറിന്‍്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഹര്‍ജിയും പിന്‍വലിച്ചു.
നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ഉദയ്‌പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ജയ്പൂരില്‍ മാര്‍ച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ വധിച്ചത്.
മുമ്ബ് ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുജീബുമായി ഈ കേസിലെ പ്രതി മുഹമ്മദ് റിയാസ് അക്താരിക്ക് ബന്ധമുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പര്‍ ഓര്‍ഗനൈസേഷനായ അല്‍സുഫയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നത്. ഉദയ്പൂരിലെ അല്‍-സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരി.