വിവാഹ നിശ്ചയം 50 പേരിൽ കൂടരുത്, വിവാഹത്തലേന്ന് സൽക്കാരം വേണ്ട ,സമ്മാനം 50 പവനിൽ കൂടരുത്, അടുക്കള കാഴ്ച ഒഴിവാക്കും, വിവാഹ ധൂർത്തിനെതിരെ ശക്തമായ നടപടിയുമായി ഒരു കരയോഗം
പുല്ലാട്: വിവാഹ ധൂര്‍ത്ത് തടയാന്‍ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പത്തനംതിട്ട പുല്ലാട് എന്‍എസ്എസ് കരയോഗം. 1429-ാം നമ്പർ ദേവി വിലാസം എൻഎസ്എസ് കരയോഗത്തിന്‍റെ പൊതുയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിവാഹം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖയും യോഗം അംഗീകരിച്ചു. കരയോഗത്തില്‍പ്പെട്ട ഷൈലജാ പണിക്കർ, ബാലൻ മഠത്തിലേത്ത്, അനിൽ കാലായിൽ എന്നിവർ തങ്ങളുടെ മക്കളുടെ വിവാഹം ആർഭാട രഹിതമായി നടത്തുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.
യോഗം എടുത്ത തീരുമാനങ്ങള്‍ ഇങ്ങനെ, വിവാഹ നിശ്ചയം മിനി വിവാഹമായി മാറുന്നത് ഒഴിവാക്കും. വിവാഹ നിശ്ചയം സ്വന്തം ഭവനത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തും. ഇരുപക്ഷത്തുനിന്ന് 50 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതി. പ്രത്യേക സാഹചര്യത്തിൽ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വന്നാൽ 100–ൽ കൂടരുത്.വിവാഹനിശ്ചയം ഉച്ചയ്ക്ക് 12ന് മുൻപ് പൂർത്തിയാക്കും. ഉച്ചയ്ക്കുള്ള സദ്യ ഒഴിവാക്കി ലഘുഭക്ഷണം നൽകണം. വിവാഹത്തലേന്ന് വധുവരന്മാരുടെ ഗൃഹങ്ങളിൽ നടത്തുന്ന വിരുന്ന് സൽകാരങ്ങൾ ഒഴിവാക്കും. തലേദിവസത്തെ സന്ദർശകർക്ക് ചായ സൽക്കാരം മാത്രം.
വിവാഹ ദിവസം വൈകുന്നേരമുള്ള അടുക്കള കാണൽ ചടങ്ങ് ഇനി മുതൽ ഇല്ല. കല്യാണത്തിന് ശേഷം സൗകര്യപ്രദമായ സമയത്ത് 10 പേരടങ്ങുന്ന ബന്ധുക്കൾ വരന്റെ ഗൃഹം സന്ദർശിക്കുക. സ്വർണം സാമ്പത്തികം അനുസരിച്ച് മാത്രം. എന്നാൽ 50 പവനിൽ കൂടാൻ പാടില്ല. കല്യാണ വസ്ത്രത്തിന്റെ വിലയിൽ മിതത്വം പാലിക്കണം. എൻഎസ്എസ് പ്രതിനിധി സഭാംഗവും മാനവ വിഭവശേഷി സെൽ കോഓഡിനേറ്ററുമായ കെ.പി. രമേശ് ഉദ്ഘാടനം ചെയ്തു.