KeralaNews

സംസ്ഥാനത്ത് വനിതാ കളക്ടര്‍മാര്‍ ഒന്‍പതുപേര്‍; കൊല്ലം, എറണാകുളം കളക്ടര്‍മാര്‍ ദമ്പതിമാര്‍

കൊച്ചി:ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണിക്കു പിന്നാലെ സംസ്ഥാനത്തെ വനിതാകളക്ടർമാരുടെ എണ്ണം ഒൻപതായി. ഇന്നലെ രണ്ടു ജില്ലകളിൽ കൂടി വനിതാ കളക്ടർമാരെ നിയമിച്ചിരുന്നു. വയനാട്, കൊല്ലം ജില്ലകൾക്കാണ് ഇന്നലെ പുതിയ വനിതാ കളക്ടർമാരെ ലഭിച്ചത്.

എൻട്രൻസ് കമ്മിഷണർ ആയിരുന്ന എ. ഗീതയാണ് പുതിയ വയനാട് കളക്ടർ. എറണാകുളം ജില്ലാ വികസന കമ്മിഷണർ ആയിരുന്ന അഫ്സാന പർവീൺ ആണ് കൊല്ലം ജില്ലയുടെ പുതിയ കളക്ടർ.

സംസ്ഥാനത്തെ വനിത കളക്ടർമാർ:

തിരുവനന്തപുരം – നവ്ജ്യോത് ഖോസ
കൊല്ലം- അഹ്സാന പർവീൺ
പത്തനംതിട്ട-ഡോ.ദിവ്യാ എസ്.അയ്യർ
കോട്ടയം-ഡോ.പി.കെ.ജയശ്രീ
ഇടുക്കി – ഷീബ ജോർജ്
തൃശൂർ – ഹരിത വി.കുമാർ
പാലക്കാട്- മൃൺമയി ജോഷി
വയനാട്- എ.ഗീത
കാസർകോട് – ഭണ്ഡാരി സ്വാഗത് രൺബീർചന്ദ്

കൊല്ലം-എറണാകുളം കളക്ടറേറ്റുകൾ തമ്മിൽ കഷ്ടിച്ച് 150 കിലോമീറ്ററേ ദൂരമുള്ളു. ഈ ദൂരത്തിലിരുന്ന് രണ്ടു ജില്ലകളുടെയും സാരഥ്യം വഹിക്കുക ഇനി ഭാര്യയും ഭർത്താവുമായിരിക്കും. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീണാണ് പുതിയ കൊല്ലം കളക്ടറായി ചുമതലയേൽക്കുക. നിലവിൽ എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മിഷണറാണ് അഫ്സാന.

എറണാകുളം കളക്ടറായി ജാഫർ മാലിക് എത്തുന്നതിനും ഒരു വർഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്സാന. ജില്ലയുടെ ഡെവലപ്മെന്റ് കമ്മിഷണറായി പ്രവർത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫർ മാലിക് കളക്ടറായെത്തിയത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. പദവിയിൽനിന്നു ഭർത്താവ് കളക്ടറായപ്പോൾ സ്മാർട്ട് മിഷന്റെ അധികച്ചുമതല അഫ്സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും മാറേണ്ടി വരും.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. പദവിയിലേക്ക് മുൻ തൃശ്ശൂർ കളക്ടറായിരുന്ന എസ്. ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാണ് നിലവിൽ. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ഷാനവാസിന് നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker