30 C
Kottayam
Thursday, April 25, 2024

കുപ്രസിദ്ധ മൊബൈൽ ഫോൺ മോഷ്ടാവ് പരുവ രാജുവും സംഘവും പോലീസിന്റെ പിടിയിൽ

Must read


കുപ്രസിദ്ധ മൊബൈൽ ഫോൺ മോഷ്ടാവടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തടിയൂർ പുളിക്കൽ വീട്ടിൽ പരുവരാജു എന്ന് വിളിക്കുന്ന രാജു (50), എറണാകുളം കരുമാല്ലൂർ മടത്തിക്കാട്ട് പറമ്പിൽ വീട്ടിൽ രഞ്ജിത്ത് കുമാർ (38), ബംഗാൾ സ്വദേശിയായ സഹാബുൾ ഇസ്ലാം (23) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്. ഇവർ കഴിഞ്ഞ ദിവസം പാലാ അരുണാപുരം ഭാഗത്തുള്ള രാജേഷ് എന്നയാളുടെ വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും പതിനായിരം രൂപയും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കൾ ഇവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികളിൽ ഒരാളായ രാജുവിന് വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകൾ നിലവിലുണ്ട്, ആലുവയിലും, ബിനാനിപുരത്തും കേസുകൾ ഉള്ള രഞ്ജിത് കുമാറിനെ ആലുവ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇവര്‍ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ രാജുവിനെ റാന്നിയിൽ നിന്നും, രഞ്ജിത് കുമാറിനെ കൊട്ടാരക്കരയിൽ നിന്നും, സഹാബുൽ ഇസ്ലാമിനെ മൂവാറ്റുപുഴയിൽ നിന്നും അന്വേഷണസംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ രാജുവും, രഞ്ജിത്ത് കുമാറും മോഷണം ചെയ്യുന്ന മൊബൈൽ ഫോൺ വാങ്ങി ബംഗാളിലേക്ക് കയറ്റിവിട്ട് അവിടെ വിൽപ്പന നടത്തിയിരുന്നത് സഹാബുൽ ഇസ്ലാം ആണെന്ന് കണ്ടെത്തുകയും ചെയ്തു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, ജോഷി മാത്യു, രഞ്ജിത്ത് സി, അരുൺകുമാർ, ജസ്റ്റിൻ ജോസഫ്, ആരണ്യ മോഹൻ, സുരേഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week