NationalNewsPolitics

2024-ലെ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നതിനേക്കാള്‍ ആരെ തോല്‍പ്പിക്കണം എന്നതിനാണ് പ്രാധാന്യമെന്ന് സ്റ്റാലിന്‍,പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാര്‍ഗെ നല്‍കിയിരിക്കുന്നത്. റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമാണ് പാര്‍ട്ടിയുടെ ഈ നിലപാട് മാറ്റമെന്നാണ് സൂചന.

‘വിഘടന ശക്തികള്‍ക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. ആരു നയിക്കുമെന്നോ ആരു പ്രധാനമന്ത്രിയാകുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അതല്ല ചോദ്യം. ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടാന്‍ ആഗ്രഹിക്കുന്നു, ഇതാണ് ഞങ്ങളുടെ ആഗ്രഹം’ ഖാര്‍ഗെ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സുപ്രധാന ചുവടുമാറ്റമെന്ന് കരുതാവുന്ന പ്രസ്താവന ഖാര്‍ഗെ നടത്തിയത്. റായ്പുര്‍ പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിന് കോണ്‍ഗ്രസ് വലിയ പ്രധാന്യം നല്‍കിയിരുന്നു.

തമിഴ്നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 2004, 2009 ലോക്സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളില്‍ നിയമസഭാ വിജയത്തിനും കാരണമായി. ഈ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ഖാര്‍ഗെ ആര് നയിക്കുമെന്നതിനുള്ള പ്രതികരണം നടത്തിയത്.

സ്റ്റാലിന്‍ പ്രധാനമന്ത്രിയാകുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഫാറൂഖ് അബ്ദുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയോട് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും ചടങ്ങില്‍ ആവശ്യപ്പെട്ടു.

‘സ്റ്റാലിന്‍, സമയമായി, ദേശീയ രംഗത്തേക്ക് വരൂ, നിങ്ങള്‍ ഈ സംസ്ഥാനം നിര്‍മിച്ചതുപോലെ രാഷ്ട്രവും നിര്‍മിക്കുക. ഖാര്‍ഗെ ജിയോട് ഞാന്‍ പറയും, ആരാണ് പ്രധാനമന്ത്രിയാകാന്‍ പോകുന്നതെന്ന് നമുക്ക് മറക്കാം. ആദ്യം നമുക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാം, പിന്നെ ആരു പ്രധാനമന്ത്രിയാകുമെന്ന് ചിന്തിക്കാം. പ്രധാനമന്ത്രി പ്രശ്‌നമല്ല, രാജ്യമാണ് പ്രധാനം’, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

“സ്റ്റാലിനോടും മറ്റെല്ലാ നേതാക്കളോടും ആവശ്യപ്പെടുന്നു, ഉണരുക, ഒന്നിക്കുക, നമുക്കെല്ലാവര്‍ക്കും ബഹുമാനത്തോടെയും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക. ഈ രാജ്യത്തെ ശക്തരാക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. അല്ലാതെ ഒരു സൈന്യവുമല്ല, നമുക്കൊരുമിച്ച് യോജിച്ച് പ്രവര്‍ത്തിക്കാം”, ഫാറൂഖ് അബ്ദുള്ള തുടര്‍ന്നു.

ഇത് തന്റെ ജന്മദിനാഘോഷവേദി മാത്രമല്ല, ഇന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ ഘട്ടത്തിന്റെ തുടക്കം കൂടിയാണെന്ന് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഇതുപോലൊരു പൊതുവേദി ഒരുക്കിക്കൊണ്ട് ഏറ്റവും മികച്ച ജന്മദിന സമ്മാനം നല്‍കിയതിന് അദ്ദേഹം മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് നന്ദി അറിയിച്ചു. 2024-ലെ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നതിനേക്കാള്‍ ആരെ തോല്‍പ്പിക്കണം എന്നതിനാണ് പ്രധാന്യമെന്നും സ്റ്റാലിന്‍ ഓര്‍മപ്പെടുത്തി.

”ബിജെപിയെ തോല്‍പ്പിക്കാന്‍ ഭിന്നതകള്‍ക്കതീതമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണം. മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചിന്തകള്‍ അര്‍ഥശൂന്യമാണ്. ബിജെപിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ലളിതമായ തിരഞ്ഞെടുപ്പ് ഗണിത യുക്തി മനസ്സിലാക്കാനും ഒറ്റക്കെട്ടായി നില്‍ക്കാനും ഞാന്‍ താഴ്മയോടെ അഭ്യര്‍ഥിക്കുന്നു”, സ്റ്റാലിന്‍ പറഞ്ഞു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button