രാജമല: ദുരന്തം നടന്ന പെട്ടിമുടി നിലവിലെ സാഹചര്യത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്നും ദുരന്തത്തിനു കാരണം അതിതീവ്ര മഴയാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജനവാസം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയളോജിക്കല്‍ സര്‍വേ അധികൃതര്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മെംബര്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഒരാഴ്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്ത കാരണം. ദുരന്തം നടന്ന ആഗസ്റ്റ് ആറിന് 24.26 സെ.മീ. മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10വരെ ശക്തമായ മഴയും ലഭിച്ചു. തുടര്‍ന്ന് വനമേഖലയോട് ചേര്‍ന്ന് ഉരുള്‍പൊട്ടി വെള്ളത്തോടൊപ്പം പാറക്കല്ലുകള്‍ ഒഴുകിയെത്തി ലയങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു.
2019ല്‍ ജില്ലയില്‍ നടത്തിയ മാപ്പിങ് പരിശോധനയില്‍ ദുര്‍ബലപ്രദേശമായി കണ്ടെത്തിയ പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. ഈ പ്രദേശത്ത് ജനവാസം പാടില്ല. പെട്ടിമുടിവഴി ഇടമലക്കുടിയിലേക്കുള്ള റോഡ് ഉയര്‍ത്തി ഇരുവശത്തും വെള്ളമൊഴുകാന്‍ ഓടകള്‍ നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.