വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ല, വിവാഹം വേണ്ടെന്നു വച്ച് വരനും കൂട്ടരും; വീട്ടിലേക്ക് മടങ്ങും വഴി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു!
വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിലാണ് സംഭവം. രാംകാന്ത് പത്ര എന്ന 27കാരനാണ് പെണ്‍വീട്ടുകാര്‍ മട്ടന്‍ കറി തയ്യാറാക്കിയില്ലെന്ന കാരണത്തില്‍ വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. അതേസമയം, മറ്റൊരാളെ വിവാഹം ചെയ്തശേഷമാണ് ഇയാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
സുഖിന്ദയിലെ ബന്ദഗാവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സമീപ ജില്ലയായ കിയോഞ്ചര്‍ സ്വദേശിയായ രാംകാന്ത്, വിവാഹച്ചടങ്ങുകള്‍ക്കായി ഉച്ചയോടെ തന്നെ ബന്ധുക്കളെയും കൂട്ടി വിവാഹവേദിയിലെത്തിയിരുന്നു. ഇവരെ സ്വീകരിച്ച വധുവിന്റെ ബന്ധുക്കള്‍ ഉച്ചഭഷണത്തിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു, എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ ബന്ധുക്കള്‍ മട്ടന്‍ കറി ആവശ്യപ്പെട്ടു.ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു.
പത്രയുടെ കുടുംബാംഗങ്ങള്‍ വധുവിന്റെ വീട്ടുകാരോടും ഭക്ഷണം വിളമ്പാനെത്തിയവരോട് കയര്‍ക്കുകയും വിവാഹം വേണ്ടെന്ന് വൈക്കുകയുമായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും കൂട്ടരും വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി ഫുലഝര ഗ്രാമത്തിലെ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.