വാഷിങ്ടണ്‍ ഡി.സി : കൊറോണ വൈറസ് പ്രതിരോധത്തിനായി അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്‍ഫക്ഷന്‍സ് ഡിസീസ് എക്സ്പേര്‍ട്ട് ഡോ. ആന്റണി ഫൗസിയുടെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നായിരുന്നു ഫൗസി നിര്‍ദേശിച്ചിരുന്നത്. എന്നാൽ, ‘ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ല. മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് രാഷ്ട്രീയവൽക്കരിച്ചിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല’- ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. മാസ്കു ധരിക്കാത്തവർക്കും അതുപോലെ കർശന നിർദേശങ്ങൾ പാലിക്കാത്തവർക്കും കൊറോണ വൈറസ് അന്യമല്ലെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.