
കൊച്ചി: നല്ല സിനിമകളുണ്ടെങ്കില്‍, ക്വാളിറ്റി കണ്ടന്റ് ഉണ്ടെങ്കില്‍ ആള്‍ക്കാരെ പിടിച്ചിരുത്താന്‍ കഴിയുമെങ്കില്‍ അത്തരം സിനിമകളെല്ലാം വിജയിക്കുകയും അതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്നും കുഞ്ചാക്കോ ബോബന്‍. നല്ല സിനിമകളാണെങ്കില്‍ അവ തിയേറ്ററില്‍ വിജയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ’ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളോടുള്ള താരത്തിന്റെ പ്രതികരണം
‘നല്ല സിനിമകളാണെങ്കില്‍ അവ തിയേറ്ററില്‍ വിജയിക്കാറുണ്ട്. താനും പല സിനിമകളുടേയും നിര്‍മാണ പങ്കാളിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മഴപോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ട്, അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. അത് ഒരു പക്ഷേ മാര്‍ക്കറ്റിങ്ങിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ആകും. ഓരോ വ്യക്തികള്‍ക്കും ഓരോ അഭിപ്രായങ്ങളും സംഘടനാപരമായി ഓരോ അഭിപ്രായങ്ങളും ഉണ്ടാകും. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങാനായി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ‘ഓടിച്ച്’ കാണിച്ചാല്‍ മതിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു’
ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ആദ്യം ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചന്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.