KeralaNews

‘ഇ.പി.യ്‌ക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ല; നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർദേശിച്ചു: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: എൽഡ‍ിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടിയെ അറിയിച്ചതായി ഗോവിന്ദൻ വ്യക്തമാക്കി. നിയമപരമായി നടപടി സ്വീകരിക്കാൻ ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജനു നിർദേശം നൽകിയതായും ഗോവിന്ദൻ പറഞ്ഞു.

നന്ദകുമാറുമായുള്ള ബന്ധം നല്ലതല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇപ്പോൾ ബന്ധമില്ലെന്നാണ് ഇ.പി വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഇ.പി.ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ വളരെ നിഷ്കളങ്കമായിപറഞ്ഞു. അദ്ദേഹം ആ പറഞ്ഞതിന്റെ പേരിൽ പ്രചാരവേല നടക്കുന്നുണ്ട്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങൾക്കെതിരെ ഇ.പിക്ക് നിയമനടപടി സ്വീകരിക്കാം. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണ്. 

ഇ.പിയുടെ തുറന്നുപറച്ചിൽ തിരഞ്ഞെടുപ്പിൽ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കിൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതി.’’– ഗോവിന്ദൻ പറഞ്ഞു.

അതേസമയം, വടകര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാട്ടുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ബിജെപി വോട്ടുകൾ കോൺഗ്രസിനു നൽകാൻ അഹ്വാനമുണ്ടായി. എൽഡിഎഫിനെ ദുർബലപ്പെടുത്തുകയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും അജൻഡ. ജനങ്ങൾ ഇതു തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നും ഗോവിന്ദൻ പറഞ്ഞു.

‘‘രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടു.  മതനിരപേക്ഷ സർക്കാർ രാജ്യത്ത് നിലവിൽ വരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് നൽകി. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ.’’ ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker