തോമസ് ചാണ്ടിയ്ക്ക് ചരമോപചാരം അറിയിച്ചില്ല; നിയമസഭയില്‍ വിയോജിപ്പ് അറിയിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ
തിരുവനന്തപുരം: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ നിയമസഭ ചേര്‍ന്നതില്‍ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ അംഗം. കെ എസ് ശബരീനാഥന്‍ എംഎല്‍എ ആണ് സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. നിലവിലെ അംഗത്തിന്റെ നിര്യാണത്തിനുശേഷം സഭ ചേരുമ്‌ബോള്‍ ചരമോപചാരം അര്‍പ്പിക്കുന്ന പതിവുണ്ട്. അതാണ് കീഴ്വഴക്കവും. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഈ കീഴ്വഴക്കം ലംഘിക്കപ്പെട്ടെന്നാണ് പ്രതിപക്ഷം വിയോജനക്കുറിപ്പില്‍ പറയുന്നത്. ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ മരണശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
അനുശോചനം രേഖപ്പെടുത്തുകയോ ഒരു പരാമര്‍ശം നടത്തുകയോ പോലുമുണ്ടാവാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. ഇതുവരെയുള്ള കിഴ്വഴക്കങ്ങളുടെ ലംഘനവുമാണ്. ഇക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ എംഎല്‍എ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രമേയം പാസാക്കാനാണ് നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ത്തത്.