KeralaNews

അഛൻ ഉപേക്ഷിച്ചു പോയി,പാർട്ട് ടൈം ജോലി ചെയ്ത് അമ്മയെ സഹായിച്ചു, പ്രളയത്തിൽ തകർന്ന വീട് നിർമ്മിച്ച് നൽകിയത് ജ്വല്ലറി ഗ്രൂപ്പ്

തലയോലപ്പറമ്പ്:സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട നിഥിന ഒരു കുടുബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. രോഗബാധകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മ മകളുടെ പഠനവും ജോലിയും സന്തോഷത്തോടെയുള്ള ജീവിതവുമെല്ലാം സ്വപ്നം കണ്ടിരുന്നു.

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ ബിന്ദുവിന്റെ ഏക മകളാണ് നിഥിന മോൾ. അമ്മയും മകളും മാത്രമേ വീട്ടിലുള്ളൂ. അച്ഛൻ ഏറെ വർഷങ്ങളായി അകന്നുകഴിയുകയാണ്.

പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാൻ കഴിയുക. ശാരീരിക അവശതകൾ ഉള്ളതിനാൽ തന്നെ നിത്യജീവിതം പോലും കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. ജോലിക്ക് പോവുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. അമ്മയെ സഹായിക്കാനായി നിഥിനയും പാർട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് കോളേജ് പരിസരത്ത് വെച്ച് ആക്രമിച്ച് ഇല്ലാതാക്കിയത്.

പത്ത് വർഷം മുൻപാണ് നിഥിനയും അമ്മയും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. കഴിഞ്ഞ പ്രളയത്തിൽ നിഥിനയും അമ്മ ബിന്ദുവും താമസിക്കുന്ന വീട് പൂർണമായും വെള്ളം കയറി നശിച്ചിരുന്നു. പിന്നീട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവർക്ക് പുതിയ വീട് ലഭിച്ചത്.

മിടുമിടുക്കി എന്നല്ലാതെ നിഥിനയെക്കുറിച്ച് നാട്ടുകാർക്ക് മറ്റൊന്നും പറയാനില്ല. നാട്ടുകാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്നയാളാണ്. നാട്ടിലെ കൂട്ടായ പ്രവർത്തനങ്ങളിലെല്ലാം നിഥിനയും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പർ ജോസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാല സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്കെത്തിയ നിഥിനയെ സഹപാഠിയായ അഭിഷേക് കുത്തിക്കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ നിഥിന കോളേജിൽ പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ പാതിവഴിക്ക് നിർത്തി അഭിഷേക് നിഥിനയെ കാത്തിരുന്നു.

ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. ഓടിക്കൂടിയവർ ഇരുവരേയും പിടിച്ചുമാറ്റാനായി ശ്രമിക്കുന്നതിനിടെ അഭിഷേക് കത്തിയെടുത്ത് നിഥിനയെ കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. പ്രതിയായ അഭിഷേകിനെ ആളുകൾ പിടികൂടി പോലീസിലേൽപ്പിച്ചു.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ നിഥിനയുടെ സംസ്കാരം വീട്ടിൽ നടക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button