തന്റെ മകള്‍ക്കായി നിരത്തിലിറങ്ങിയവര്‍ അവളുടെ മരണം വച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ. എന്റെ മകളെ കൊന്നവര്‍ക്ക് ആയിരം വഴികളാണ് തുറന്നു നല്‍കുന്നത്, പക്ഷെ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ഈ സമയം വരെ രാഷ്ട്രീയത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ 2012 ല്‍ തന്റെ മകള്‍ക്കായി നിരത്തിലിറങ്ങിയവര്‍ അവളുടെ മരണം വച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പൊട്ടിത്തെറിച്ചു. പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ ബിജെപിയും ആംആദ്മിയും നേര്‍ക്കുനേര്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് നിര്‍ഭയയുടെ അമ്മ കണ്ണീരോടെ വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്.
ഡല്‍ഹി ആംആദ്മി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ ഡല്‍ഹി ആംആദ്മി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപണവുമായാണ് കേന്ദ്രമന്ത്രി വ്യാഴാഴ്ച രംഗത്തെത്തിയത്. പിന്നാലെ ജാവദേക്കര്‍ക്ക് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രിമനീഷ് സിസോദിയയും രംഗത്തെത്തി. ഡല്‍ഹിയുടെ ക്രമസമാധാന ചുമതല രണ്ടു ദിവസത്തേയ്ക്ക് കേന്ദ്രം തങ്ങള്‍ക്കു കൈമാറുകയാണെങ്കില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നായിരുന്നു സിസോദിയയുടെ മറുപടി.
നാലു പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജി നല്‍കിയതോടെ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും.അതേസമയം, കേസില്‍ വിധി വന്ന് രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ വൈകിപ്പിച്ചത് എന്തിനെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.