നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹം; താമസിക്കുന്നത് ബന്ധുവിന്റെ വീട്ടില്‍
കൊച്ചി: നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബവും താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയില്‍. ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീടും ചുറ്റുപാടും മോശമായ രീതിയില്‍ കിടക്കുന്നതിനാല്‍ പറവൂര്‍ തുരുത്തിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വൃത്തിയാക്കിയ ശേഷം അവിടേക്ക് പോകാമെന്നാണ് അമ്മയും ബന്ധുക്കളും തീരുമാനിച്ചത്.
തുടര്‍ന്ന് സമീപ പ്രദേശത്തുതന്നെ വീട് വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നിപ വന്നു എന്ന കാരണത്താല്‍ ആരും വീട് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുടുംബസമേതം ചെറായിയിലെ ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്.
സമീപത്തുതന്നെ ഒഴിവുള്ള വീടുകളുണ്ടെങ്കിലും നിപാ ഭയത്താല്‍ ആരും തരാന്‍ തയ്യാറല്ല. ബന്ധുക്കള്‍ മുഖേനയും പലഭാഗത്തും വീടന്വേഷിച്ചു. തങ്ങള്‍ക്കാണെന്നറിഞ്ഞപ്പോള്‍ പലരും ഒഴിവുകഴിവു പറഞ്ഞു. രണ്ടുമാസത്തോളമായി ആശുപത്രിയിലായതിനാല്‍ സ്വന്തം വീടിന്റെ പരിസരം കാടുകയറി. ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത സ്ഥലമാണ് ചുറ്റും. അവിടം ശുചീകരണമില്ലാതെ മലിനവുമാണ്. മകന് രോഗം വന്നത് പഴംതീനി വവ്വാലില്‍നിന്നാണെന്ന് കണ്ടെത്തിയിരുന്നു. രോഗവാഹകരായ വവ്വാലുകളുടെ ആവാസകേന്ദ്രമാണ് ഇപ്പോഴും വീടിന്റെ പരിസരം. അതുകൊണ്ടാണ് അവിടേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചതെന്ന് അമ്മ പറഞ്ഞു.