നിപ പടര്‍ത്താന്‍ സാധ്യതയുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തി; ആറില്‍ രണ്ടിനം കേരളത്തിലെന്ന് പഠനം
മുംബൈ: കൂടുതല്‍ വവ്വാലിനങ്ങളില്‍ ‘നിപ’ വൈറസിന്റെ സാന്നിധ്യമുണ്ടാവാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ‘നിര്‍മിതബുദ്ധി’ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുത തിരിച്ചറിഞ്ഞത്. പി.എല്‍.ഒ.എസ്. റിസര്‍ച്ച് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് പഠനം നടത്തിയത്.
കേരളത്തില്‍ തിരിച്ചറിഞ്ഞ ഏഴു വര്‍ഗങ്ങളില്‍പ്പെട്ട വവ്വാലുകള്‍ക്കുപുറമേ പഠനത്തില്‍ കണ്ടെത്തിയ ആറിനങ്ങള്‍കൂടി ‘നിപ’യുടെയോ അല്ലെങ്കില്‍ സമാനരീതിയിലുള്ള വൈറസിന്റെയോ വാഹകരാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. പുതിയതായി കണ്ടെത്തിയ ആറിനം വവ്വാലുകളില്‍ നാലെണ്ണം ഇന്ത്യയിലുള്ളതും ഇതിലെ രണ്ടെണ്ണം കേരളത്തില്‍ കാണപ്പെടുന്നവയുമാണ്. ഇവയ്ക്ക് നിപ വൈറസ് വഹിക്കാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നും അതിനാല്‍ നിപയ്ക്കെതിരെ കൂടുതല്‍ ജാഗരൂരാകണമെന്നും പഠനത്തില്‍ പറയുന്നു.
ഏഷ്യ, ഓസ്‌ട്രേലിയ, ഓഷ്യാന എന്നിവിടങ്ങളില്‍ വൈറസ് ബാധ കണ്ടെത്തിയ വവ്വാലുകളുടെ സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തി, ‘നിര്‍മിതബുദ്ധി’യധിഷ്ഠിതമായ ‘മെഷീന്‍ ലേണിങ്’ ഉപയോഗിച്ചാണ് ‘വൈറസ്’ വാഹകരാകാവുന്ന വവ്വാലുകളെ കണ്ടെത്തിയിരിക്കുന്നത്. 48 സ്വഭാവസവിശേഷങ്ങളോടുകൂടിയ 523 വവ്വാല്‍ ഇനങ്ങളെയാണ് പഠനത്തിനായി ഉപയോഗിച്ചത്.