പ്രാഗ്യ ഇതാ വീഴുകയാണ്, വീണു, വീണ് കൊണ്ടിരിക്കുകയാണ്… എവിടെ രാജു? ഇന്ത്യന്‍ സീരിയലുകളെ ട്രോളി നൈജീരിയക്കാര്‍
സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടി.വി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും ‘ഓവറാക്കി ചളമാക്കിയ’ അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍ തന്നെയാണ് ഇന്ത്യന്‍ സീരിയല്‍.
ഇതുവരെ നമ്മുടെ നാട്ടിലെ തന്നെ ട്രോളുകളെ സഹിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ അതല്ല അവസ്ഥ. മറ്റ് രാജ്യക്കാര്‍ വരെ ഇപ്പോള്‍ നമ്മുടെ സീരിയലുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൈജീരിക്കാരായ മൂന്ന് കണ്ടന്റ് ക്രിയേറ്റേഴ്സ് അത്തരത്തിലിറക്കിയ ഒരു സ്പൂഫ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോള്‍ സ്‌കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രാഗ്യയും പ്രാഗ്യയുടെ ഭര്‍ത്താവ് രാജുവും സഹാദരിയുമാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ട് യുവാക്കളാണ് സ്ത്രീവേഷത്തില്‍. ഇന്ത്യന്‍ സീരിയലുകളിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഇവരുടെ വസ്ത്രധാരണം. പ്രധാനകഥാപാത്രമായ പ്രാഗ്യ പടിക്കെട്ടില്‍ നിന്ന് വീഴുന്നതും ഭര്‍ത്താവ് ഓടിയെത്തി ഇവരെ രക്ഷിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം.
വീഴ്ചയ്ക്കും രക്ഷപെടുത്തലിനുമിടയിലുള്ള സീനുകള്‍ കണ്ടാല്‍ ഇന്ത്യന്‍ സീരിയലുകള്‍ ഒരു തവണയെങ്കിലും കണ്ടിട്ടുള്ള ആരും ചിരിച്ച് പോകും. സീനുകള്‍ക്കിടയില്‍ അനാവശ്യമായി തിരുകിക്കയറ്റുന്ന ഷോട്ടുകളും പ്ലോട്ടിന്റെ വലിച്ചുനീട്ടലുമൊക്കെ ഇവര്‍ തമാശ രൂപത്തില്‍ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഫോള്‍ എന്നാണ് ഇവര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.