സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു, ആശയവിനിമയം നടന്നത് കനകമല കേസിനു സമാനമായി ടെലിഗ്രാം ആപ്പ് വഴി
സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമായതായി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് സൂചന . സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ ടി റമീസ് ആണെന്നും സ്വപ്ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ പറയുന്നു. കനകമല തീവ്രവാദ കേസിലെ പോലെ ടെലിഗ്രാം ആപ്പ് വഴിയാണ് ആശയവിനിമയം നടന്നത്. സ്വര്‍ണ്ണക്കടത്തിലെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് പിന്നിലാണ് തീവ്രവാദത്തിനുള്ള മുഖ്യസ്ഥാനം.
കേരളത്തിലും ഡെൽഹിയിലുമടക്കം കത്തിച്ച സിഎഎ വിരുദ്ധ സമരങ്ങള്‍ക്കും ഈ സ്വര്‍ണ്ണപ്പണത്തിന്റെ ഒഴുക്കുണ്ടെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ നിര്‍ണായകവിവരങ്ങളുള്ളതായാണ് എന്‍ഐഎ സംഘം പറയുന്നത്. രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും കസ്റ്റഡി നീട്ടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. സ്വപ്നയുടെ പണമിടപാടുകളും സ്വര്‍ണനിക്ഷേപങ്ങളും മറ്റും എന്‍ഐഎ പരിശോധിച്ചുവരുകയാണ്.
അതേസമയം എന്‍ഐഎയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ജാമ്യഹര്‍ജിയുമായി വീണ്ടും സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചു.യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയുമായി സ്വപ്‌ന സുരേഷ് നടത്തിയ ചാറ്റുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് തടഞ്ഞതുമുതല്‍ പിടിയിലാകുന്നത് വരെ സ്വപ്‌നയും സന്ദീപും ടെലിഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നു. പ്രധാനപ്പെട്ട പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഫേസ് ലോക്ക് ചെയ്ത രണ്ട് മൊബൈല്‍ ഫോണുകളടക്കം ആറ് ഫോണുകളും രണ്ട് ലാപ്പ് ടോപ്പുമാണ് സ്വപ്‌നയില്‍ നിന്ന് പിടിച്ചെടുത്തത്. ഫേസ് ലോക്ക് ചെയ്ത ഫോണുകള്‍ സ്വപ്‌നയെക്കൊണ്ട് തുറപ്പിച്ച് പരിശോധിച്ചിരുന്നു.സ്വപ്നയ്ക്കു ലഭിച്ചിരുന്ന പണം പലരൂപത്തിലാണ് നിക്ഷേപമാക്കിയിരുന്നത്. പല ബാങ്കുകളില്‍ പണമിടപാടുകളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ സ്വര്‍ണനിക്ഷേപവുമുണ്ടായിരുന്നു. ഇവ പരിശോധിച്ചുവരികയാണ്.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു.
കേസില്‍ മുഖ്യകണ്ണിയായ റമീസിനു വിദേശത്ത് ഉള്‍പ്പടെ വന്‍കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ലോക്ഡൗണ്‍ മറയാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.