മസ്കത്ത്: രാജ്യത്തിന്‍റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതല്‍ വിലക്ക്.
രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്‍റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
65 സെൻറിമീറ്ററില്‍ കുറഞ്ഞ വലുപ്പമുള്ള മീനുകള്‍ പിടിക്കുന്നതിനാണ് വിലക്കുള്ളത്. നിശ്ചിത വലുപ്പത്തിലും കുറഞ്ഞ മീനുകള്‍ വലയില്‍പെട്ടാല്‍ അതിവേഗം കടലില്‍ തിരിച്ചിടണമെന്നും അധികൃതര്‍ മത്സ്യത്തൊഴിലാളികളോട് നിര്‍ദേശിച്ചു.
ഈ ഇനത്തില്‍ ഉള്‍പ്പെട്ട നെയ്മീൻ സൂക്ഷിച്ചുവെക്കുന്നതും വില്‍പന നടത്തുന്നതുമെല്ലാം നിരോധനത്തില്‍ ഉള്‍പ്പെടും. വിലക്ക് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമാനമായ നിരോധന ഉത്തരവിറക്കിയിരുന്നു. അറേബ്യൻ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ സംയുക്തമായി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും വൈകാതെ നിരോധന ഉത്തരവ് പുറത്തിറക്കുമെന്നാണ് അറിയുന്നത്.