HealthKeralaNews

കേരളത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകം; സെപ്റ്റംബറില്‍ 75,000 രോഗികള്‍ വരെയാകാമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കൊവിഡ് രോഗപ്പകര്‍ച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളമിപ്പോള്‍. മുന്‍ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പര്‍ക്ക വ്യാപനം വഴിയുള്ള രോഗപ്പകര്‍ച്ച വര്‍ധിച്ചതോടെ കൂടുതല്‍ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശംസയ്ക്ക് പാത്രമായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ് കേരളം. സെപ്തംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ചൈനയിലെ വുഹാനില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കൊറോണ ബാധ തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പിന്നീട് കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെ ഈ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു. മാര്‍ച്ചിലാണ് കൊവിഡ് വീണ്ടും സംസ്ഥാനത്തെത്തുന്നത്. വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കേസുകളുടെ എണ്ണം കൂടി. മാര്‍ച്ച് 28 നായിരുന്നു സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യാപനം തടയാന്‍ ആരോഗ്യവകുപ്പിന് സാധിച്ചു.

മെയ് എട്ടിന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോള്‍ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 502 മാത്രമായിരുന്നു. 474 പേരും അതിനകം രോഗമുക്തരാകുകയും ചെയ്തിരുന്നു. ലോക്ക്ഡൗണിന് ശേഷം സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി. മെയ് 27 ന് ആകെ രോഗികളുടെ എണ്ണം 1000 കവിഞ്ഞു.

ജൂണ്‍ എട്ടിന് 2000 വും, ജൂലൈ നാലിന് 5000 വും കടന്നു. 16 ന് 10,000 കടന്ന കേരളം 28 ന് 20,000 വും കടന്നു. ഇതിനിടെ തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം നടന്നതായി സമ്മതിക്കുന്ന ആദ്യ സംസ്ഥാനമായും കേരളം മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button