സിയൂള്‍: പുറത്തുള്ളവരില്‍ നിന്ന് പകരുന്നതിനേക്കാള്‍ സ്വന്തം വീട്ടിലെ അംഗങ്ങളില്‍ നിന്നു കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
5,706 കൊവിഡ് രോഗികളും അവരുമായി സമ്പര്‍ക്കത്തില്‍വന്ന 59,000 പേരെയുമാണ് പഠനവിധേയമാക്കിയത്. രോഗികളായ 100 പേരില്‍ രണ്ട് പേര്‍ക്കാണ് വീടിനു പുറത്തുനിന്നു രോഗം പകര്‍ന്ന് കിട്ടിയത്. എന്നാല്‍ രോഗികളിലെ 10 ല്‍ ഒരാള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും രോഗം ബാധിച്ചതായി പഠനത്തില്‍ പറയുന്നു. ആദ്യം രോഗം ബാധിച്ചയാള്‍ കൗമാരക്കാരോ 60 നും 70 നും ഇടയില്‍ പ്രായമായവരോ ആണെങ്കില്‍ രോഗ പകര്‍ച്ചാ നിരക്ക് കൂടുതലായിരിക്കും.
ഈ പ്രായവിഭാഗത്തിലുള്ള ആളുകള്‍ക്ക് കൂടുതല്‍ സംരക്ഷണയും പിന്തുണയും ആവശ്യമായതിനാല്‍ ഇവര്‍ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് രോഗവ്യാപന തോത് വര്‍ധിക്കുന്നത്- കെസിഡിസി ഡയറക്ടര്‍ യുന്‍ കിയോംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കുറവാണെന്നും പഠനം പറയുന്നു.