ഇറാനെ തളയ്ക്കാന്‍ എണ്ണപ്പൂട്ടുമായി അമേരിക്ക; കപ്പലുകൾക്കും കമ്പനികൾക്കും പുതിയ വിലക്കുകൾ
വാഷിങ്ടണ്‍: ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും പുതിയ ഉപരോധങ്ങള്‍ ചുമത്തി യു.എസ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എസിന്റെ നടപടി. ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കും പ്രദേശിക സേനകള്‍ക്കുമുള്ള സാമ്പത്തികസഹായം കുറയ്ക്കുക എന്ന ലക്ഷ്യമാണ് യു.എസിന് പ്രധാനമായും ഉള്ളത്.
ഇസ്രയേലിന് സഹായമേകുന്ന പക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ പ്രദേശങ്ങളോ വ്യോമാതിര്‍ത്തിയോ അനുവദിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ.) ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങി യു.എസ്. സേനയ്ക്ക് ആതിഥ്യം നല്‍കുന്ന രാജ്യങ്ങള്‍ക്കാണ് പ്രധാനമായും ഇറാന്റെ മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ആദ്യം ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ താക്കീതുമായെത്തിയത്. ഇറാന്റെ ആണവ, ഇന്ധന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കാണ് ഇസ്രയേല്‍ നിലവില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേലിന് സഹായം നല്‍കുന്ന, യു.എസുമായി സൗഹാര്‍ദം പുലര്‍ത്തുന്ന അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ താക്കീതുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൈനികശേഷിയോ വ്യോമാതിര്‍ത്തിയോ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഉപയോഗപ്പെടുത്തി തങ്ങളെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ ബൈഡന്‍ ഭരണകൂടവുമായി ആശയവിനിമയം നടത്തിയതായും ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസിന്റെ സംരക്ഷണത്തിലാണെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയെ അറബ് രാജ്യങ്ങള്‍ ഭയപ്പെടുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മാത്രമല്ല യു.എസ്. സേനയ്ക്ക് ആതിഥ്യം നല്‍കുന്ന പ്രധാനരാജ്യങ്ങള്‍ കൂടിയാണിവ.
സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള എണ്ണവിപണിയിലുണ്ടായേക്കാവുന്ന പ്രതികൂലസാഹചര്യങ്ങളേയും ഈ രാഷ്ട്രങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയാല്‍ എണ്ണയുടെ കയറ്റുമതിയേയും ആഗോളവിതരണത്തേയും ബാധിക്കുമെന്നുള്ള ആശങ്കയും അറബ് രാജ്യങ്ങള്‍ക്കുണ്ട്. സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാഷ്ട്രത്തലവന്‍മാരുള്‍പ്പെടെ തങ്ങളെ ഇസ്രയേല്‍-ഇറാന്‍ വിഷയത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നത് അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കും. ഇറാന്റെ സൈനിക സ്വാധീനം വര്‍ധിക്കുന്നതിനെ പ്രതിരോധിക്കാനുള്ള പൊതുആഗ്രഹം അറബ് രാജ്യങ്ങള്‍ക്കിടയിലുണ്ട്. നേരത്തെ ജോര്‍ദാന്‍ പോലുള്ള രാഷ്ട്രങ്ങള്‍ ഇറാനെതിരേയുള്ള ആക്രമണങ്ങളില്‍ ഇസ്രയേലും യു.എസുമായി സഹകരിച്ചിരുന്നു. എങ്കിലും ഇസ്രയേലിന് പൂര്‍ണസഹകരണം നല്‍കുന്നത് അപകടമായേക്കുമെന്ന ആശങ്കയും അറബ് രാജ്യങ്ങള്‍ക്കുണ്ട്.