പുതിയ ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ മാതൃകയിലുള്ള ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍. പിങ്കും പച്ചയും കൂടിയ നിറമായിരിക്കും നോട്ടിന്. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രവര്‍ത്തിയുടെ ഒപ്പോടുകൂടിയായിരിക്കും നോട്ട് ഇറങ്ങുകയെന്നുമാണ് വിവരം. പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും നോട്ടിലുണ്ട്. ഇടത്ത് നിന്ന് വലത്തോട്ട് വലുപ്പം കൂടി വരുന്ന രീതിയിലാണ് നോട്ടിന്റെ നമ്പര്‍ ചേര്‍ക്കുക. ആദ്യ മൂന്ന് അക്കങ്ങള്‍ക്ക് ഒരേ വലുപ്പമായിരിക്കും. കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തെ സൂചിപ്പിക്കാന്‍ രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപ ഘടനയായിരിക്കും.
കൂടാതെ നോട്ടില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നും എഴുതിയിട്ടുണ്ട്. ധന സെക്രട്ടറിയുടെ ഒപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ചേര്‍ക്കും. പ്രത്യേകത എന്തെന്നാല്‍ ഈ നോട്ട് പുറത്തിറക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണെന്നതാണ്. ആര്‍ബിഐയാണ് മറ്റ് നോട്ടുകളെല്ലാം അച്ചടിച്ച് പുറത്തിറക്കുന്നത്.