
ദുബായ്∙ കയ്യിൽ കാശുണ്ടോ? മൊബൈൽ നമ്പർ ചുരുക്കാം. രണ്ടക്കത്തിൽ വേണമെങ്കിൽ വിളിക്കാം. ഹഷ്ടാഗ് ഉപയോഗിച്ച് മൊബൈൽ നമ്പർ ചുരുക്കുന്ന സേവനം ഇത്തിസലാത്ത് തുടങ്ങി. നിലവിൽ ഉപയോഗിക്കുന്ന 10 അക്ക മൊബൈൽ നമ്പരിനെ #10 എന്നു വേണമെങ്കിൽ ചുരുക്കാം. നിലവിൽ ഉപയോഗിക്കുന്ന നമ്പർ മാറില്ല. ഏത് എമിറേറ്റിൽ നിന്ന് ഡയൽ ചെയ്താലും കോൾ ലഭിക്കും. 45,500 ദിർഹമാണ് (9. 55ലക്ഷം രൂപ) അടിസ്ഥാന ലേലത്തുക.
ആവശ്യക്കാരുണ്ടെങ്കിലും തുക ഉയരും. #10 എന്ന നമ്പരിനാണ് ഏറ്റവും ഉയർന്ന തുക വിളിച്ചത് 44 ലക്ഷം രൂപ. ഏറ്റവും ജനപ്രിയ ഹാഷ്ടാഗ് നമ്പർ #1000000 ആണ്. ഇതിനോടകം 44 പേർ ലേലത്തിൽ ആവശ്യപ്പെട്ടു കഴിഞ്ഞു. #10 ഇതുവരെ 26 ആവശ്യക്കാരുണ്ട്. #1000 ആവശ്യപ്പെട്ടത് 33 പേർ (അടിസ്ഥാന വില 6.82 ലക്ഷം രൂപ) #1234 ആവശ്യപ്പെട്ടത് 23 പേർ (വില 10.5 ലക്ഷം) #11 ആണ് ഉയർന്ന് വിലയുള്ള രണ്ടാമത്തെ നമ്പർ.
23.94 ലക്ഷം രൂപ. ഇത്രയും പണം മുടക്കി എടുക്കുന്ന നമ്പർ ആദ്യ ഒരു വർഷം സൗജന്യമായിരിക്കും. പിന്നീട് ഓരോ മാസവും 7875 രൂപ വാടക നൽകേണ്ടി വരും. ഇത്തിസലാത്ത് ഉപയോഗിക്കുന്നവർക്കു മാത്രമാണ് തുടക്കത്തിൽ ഹാഷ്ടാഗിൽ വിളിക്കാൻ കഴിയുക. മറ്റു സർവീസുകൾ ഉപയോഗിക്കുന്നവർക്ക് ഇത്തിസലാത്തിലേക്കു വിളിക്കുമ്പോൾ സേവനം ലഭിക്കുന്ന കാര്യം സംശയമാണ്.