കോവിഡ് വ്യാപനം : സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കണ്ടെയ്ന്മെന്റ് സോണ്‍ നിശ്ചയിക്കാനും സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം. ഒരാഴ്ചയില്‍ കൂടുതല്‍ 10 ശതമാനത്തില്‍ അധികമാണ് പോസിറ്റിവിറ്റി നിരക്കെങ്കില്‍, ആശുപത്രികളില്‍ 60 ശതമാനം ബെഡില്‍ കോവിഡ് രോഗികളുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധിക്കുന്ന 10ല്‍ ഒരു സാമ്പിൾ പോസിറ്റിവാകുന്ന സ്ഥിതിയെയാണ് 10 ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നുപറയുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ലോക്ഡൗണ്‍, കണ്ടെയ്ന്മെന്റ് സോണ്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിയന്ത്രണങ്ങള്‍ ചുരുങ്ങിയത് 14 ദിവസത്തേക്ക് ഏര്‍പ്പെടുത്തണം.
കണ്ടെയ്ന്മെന്റ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇപ്രകാരം:
രാത്രി കര്‍ഫ്യൂ. അവശ്യപ്രവര്‍ത്തനങ്ങള്‍ ഒഴികെ എല്ലാറ്റിനും വിലക്ക്. സമയം പ്രാദേശികമായി തീരുമാനിക്കാം. സാമൂഹികവും മതപരവുമായ കൂടിച്ചേരലുകള്‍ക്ക് വിലക്ക്. വിവാഹത്തില്‍ 50ഉം മരണവീടുകളില്‍ 20ല്‍ കൂടുതല്‍ പേരും ഒത്തുകൂടരുത്.
ഷോപ്പിങ് കോംപ്ലക്സ്, തിയറ്റര്‍, റെസ്റ്റാറന്റ്, മതപരമായ കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടണം. പൊതു, സ്വകാര്യമേഖലയില്‍ അവശ്യസേവനങ്ങള്‍ മാത്രം.
മെട്രോ, ബസ്, ടാക്സി തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളില്‍ സീറ്റിന്റെ പകുതിയാത്രക്കാര്‍ മാത്രം. ഓഫിസുകളില്‍ പകുതിമാത്രം ഹാജര്‍നില.