24.6 C
Kottayam
Sunday, May 19, 2024

സിദ്ധന്റെ നിര്‍ദ്ദേശാനുസരണം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു; മാതാവിന് ശിക്ഷ വിധിച്ച് കോടതി, സംഭവം കോഴിക്കോട്

Must read

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന് ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനും ശിക്ഷ വിധിച്ച് കോടതി. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75,87 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായിരുന്ന സിദ്ധന്‍- കളന്‍തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍, യുവതിയുടെ ഭര്‍ത്താവ് ഓമശ്ശേരി ചക്കാനകണ്ടി അബൂബക്കര്‍ (31) എന്നിവരെ കോടതി വെറുതെവിട്ടു.

2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ബാങ്ക് വിളിക്കാതെ ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന സിദ്ധന്റെ നിര്‍ദേശമനുസരിച്ചാണ് അമ്മ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. സംഭവത്തില്‍ നഴ്‌സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്സും നിര്‍ദേശം നല്‍കിയിരുന്നു.

നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ജനിച്ച കുഞ്ഞിന് വ്യാഴാഴ്ച 12.20 നേ മുലയൂട്ടാനാവൂ എന്ന് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് പിതാവ് അബൂബക്കര്‍ കുഞ്ഞിനെ മുലയൂട്ടുന്നത് തടഞ്ഞത്. ഭാര്യ ഹഫ്സത്തും ഈ നിലപാടില്‍ ഉറച്ച് നിന്നു. പിഞ്ചുകുഞ്ഞിന്റെ ജീവനുപോലും ഭീഷണിയായ സംഭവത്തില്‍ ജില്ലാ കളക്ടറും പോലീസും ബാലാവകാശ കമ്മീഷനും നേരിട്ട് ഇടപെടുകയായിരുന്നു. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയിലെ നഴ്സ് ഷാമിലയുടെ പരാതിയില്‍ കേസെടുത്ത മുക്കം പോലീസ് സിദ്ധനേയും യുവതിയുടെ ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തിരുന്നു.

അബൂബക്കറിന്റെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ചു ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് 4 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബിയാണ് ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week