നെതര്‍ലാന്‍ഡ്‌സ് രാജാവും രാജ്ഞിയും കൊച്ചിയില്‍
കൊച്ചി:നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കൊച്ചിയിലെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും സ്വീകരിച്ചു. ചീഫ് സെ്ക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് കെ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തിൽ നിന്ന് റോഡ്മാർഗം മട്ടാഞ്ചേരിയിലേക്ക് രാജാവും സംഘവും യാത്ര തിരിച്ചു.
നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണത്തിന്‍റെ പാതയില്‍ – വില്യം അലക്സാണ്ടര്‍
കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു.
കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയിൽ രാജാവ് വിസ്മയം പ്രകടിപ്പിച്ചു.
‘ഇന്ത്യയും നെതർലാൻഡ്സും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ കൊട്ടാരത്തിലെ ഛായാചിത്ര ഹാളിൽ നടന്ന സെമിനാറിൽ അവർ പങ്കെടുത്തു. കേരളത്തിൽ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകൾ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു.
നൂറ്റാണ്ടുകൾക്കു മുമ്പ് ഡച്ചുകാർ തയ്യാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദർശനം കൊട്ടാരത്തിൽ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. രാജസന്ദർശനത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ഡച്ച് ഗാലറിയിൽ നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് മുൻകൈയെടുത്താണ് ഭൂപടങ്ങൾ സ്ഥാപിച്ചത്.
വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കേരള ആർക്കൈവ്സ് ഡയറക്ടർ ജെ.രജികുമാർ, നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി.ജി.മറെൻസ് ഏഞ്ചല്‍ഹാഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രാജാവും രാജ്ഞിയും അതിന് സാക്ഷ്യം വഹിച്ചു.
ഡച്ച് രാജാവിനും രാജ്ഞിക്കും WELKOM പറഞ്ഞ് ബാനറുകൾ
കൊച്ചി: നെതർലാൻഡ്സ് രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞി മാക്സിമക്കും സ്വാഗതം നൽകി ഡച്ച് ഭാഷയിലും ബാനറുകൾ. വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്കുള്ള വഴിയരികിലാണ് ഇന്ത്യൻ ഭാഷയിലും ഡച്ച് ഭാഷയിലും സ്വാഗത ബോർഡുകൾ സ്ഥാപിച്ചത്. ഇന്ത്യൻ ഇംഗ്ലീഷിൽ സ്വാഗതത്തിന് WELCOME എന്നെഴുതുമ്പോൾ ഡച്ച് ഭാഷയിൽ WELKOM എന്നു മാത്രമാണുള്ളത്.
ഇന്ത്യയുടെയും നെതർലാൻ ൻഡിന്റെയും കൊടികളും വഴിയരികിൽ സ്വാഗതമേകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വില്യം അലക്സാണ്ടറും ഒരുമിച്ചുള്ള ഫോട്ടോകളും ബാനറുകളായ് വന്നു.
സുരക്ഷയുടെ ഭാഗമായി ബുധനാഴ്ച തന്നെ റോഡിന്റെ വശങ്ങൾ മുളകൾ കെട്ടി സംരക്ഷണ ഭിത്തി തീർത്തിരുന്നു. പോലീസും റോഡിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രാജാവ് കൂടിക്കാഴ്ച നടത്തി.