ഇനി നടക്കില്ല നെറ്റ്ഫ്ളിക്സിന്റെ പാസ്വേഡ് പങ്കുവെക്കല്‍,എല്ലാവരും പണംനല്‍കി കാണണം
ആഗോള തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത വിപണികളില്‍ പരസ്യത്തോടുകൂടിയുള്ള സബ്ക്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ പാസ് വേഡ് പങ്കുവെക്കുന്ന പ്രവണത അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഘട്ടംഘട്ടമായി പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സിന്റെ മുന്‍ മേധാവി റീഡ് ഹേസ്റ്റിങ്‌സ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. താമസിയാതെ തന്നെ പാസ് വേഡ് പങ്കുവെക്കലിന് അവസാനമിടുമെന്നാണ് പുതിയ സിഇഒ മാരായ ഗ്രെഗ് പീറ്റേഴ്‌സും ടെഡ് സാറന്റോസും പറയുന്നത്.
ഇതോടുകൂടി നെറ്റ്ഫ്‌ളിക്‌സിലെ സിനിമകളും സീരീസുകളും കാണാന്‍ ചിലര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ അവരുടെ പാസ് വേഡ് ഉപയോഗിച്ച് സ്വന്തം ഫോണിലും മറ്റും ലോഗിന്‍ ചെയ്യുന്ന രീതി അവസാനിക്കും. പകരം ഓരോരുത്തരം നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കം ആസ്വദിക്കാന്‍ പണം നല്‍കേണ്ടിവരും. പണം നല്‍കാതെ നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളും താമസിയാതെ തന്നെ ഉള്ളടക്കങ്ങള്‍ കാണുന്നതിന് പണം നല്‍കിത്തുടങ്ങേണ്ടിവരുമെന്ന് ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു.
സ്വാഭാവികമായും പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കുന്നതില്‍ നിരാശരാവുന്ന ഉപഭോക്താക്കളുണ്ടാവാമെന്നും എന്നാല്‍ ഈ നീക്കത്തിലൂടെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 1.5 കോടി മുതല്‍ രണ്ട് കോടി വരെ ഉപഭോക്താക്കളെ ഉയര്‍ത്താനാവുമെന്നും പീറ്റേഴ്‌സ് പറഞ്ഞു. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിന് പണം നല്‍കാതെ ഉള്ളടക്കം ആസ്വദിക്കുന്നവര്‍ ക്രമേണ നെറ്റ്ഫ്‌ളിക്‌സിന് പണം നല്‍കി ഉപയോഗിക്കുന്നവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പാസ് വേഡ് പങ്കുവെക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ടുള്ള പരീക്ഷണം നെറ്റ്ഫ്‌ളിക്‌സ് നടത്തിവരുന്നുണ്ട്. ഇങ്ങനെ മറ്റുള്ളവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്നവരില്‍ നിന്ന് മൂന്ന് ഡോളര്‍ (250 രൂപയോളം) ഈടാക്കും.
ഇന്ത്യയില്‍ എത്രയാണ് ഇതിനുവേണ്ടി ഈടാക്കുക എന്ന് നെറ്റ്ഫ്‌ളിക്‌സ് സൂചനയൊന്നും തന്നിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ ഈടാക്കുന്നതിന് തുല്യമായ തുകതന്നെ ആയിരിക്കാം ഇവിടെയും എന്നാണ് കരുതുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യയിലും പാസ് വേഡ് പങ്കുവെക്കല്‍ നെറ്റ്ഫ്‌ളിക്‌സ് അവസാനിപ്പിച്ചേക്കും.
നിലവില്‍ 149 രൂപ, 199 രൂപ, 499 രൂപ, 649 രൂപ എന്നീ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. ഈ പ്ലാനുകളില്‍ ചിലത് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നവയാണ്.