അയല്‍വാസികളായ വീട്ടമ്മയും യുവാവും തങ്ങളുടെ വീടുകളില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
ആറ്റിങ്ങല്‍: അയല്‍വാസികളായ വീട്ടമ്മയേയും യുവാവിനേയും തങ്ങളുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കടുവയില്‍ മണിമന്ദിരത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായര്‍ രാധാമണിയമ്മ ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന് വിളിക്കുന്ന ഷിനു (38), അയല്‍വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കടുവയില്‍ കൃഷ്ണവിലാസത്തില്‍ ബിജുവിന്റെ ഭാര്യ ശാന്തീകൃഷ്ണ (36) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച 11.30 ഓടെയാണ് പുതിയതായി നിര്‍മിക്കുന്ന വീട്ടിലാണ് ഷിനുവിനെ തൂങ്ങി മരിച്ച നലയില്‍ കണ്ടെത്തിയത്. ഷിനുവിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. അമ്മയുടെ നിലവിളികേട്ട് ഓടി കൂടിയവര്‍ ഷിനുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബഹളം കേട്ട് ഷിനുവിന്റെ വീട്ടില്‍ എത്തിയ ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നകുമാരി തിരികെ മകളുടെ വീട്ടില്‍ എത്തിയപ്പോഴാണ് കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്.
മറ്റൊരു വീട്ടിലാണ് പ്രസന്ന കുമാരി താമസിക്കുന്നത്. ശാന്തികൃഷ്ണയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ഇരുവരും ദീര്‍ഘ നാളുകളായി പ്രണയത്തിലായിരുന്നെന്നാണ് വിവരം. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം ഷിനു ആത്മഹത്യ ചെയ്യുക ആയിരുന്നു എന്നാണ് പോലീസ് നിഗമനം.