ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ മാധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനെ ഝാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പിടികൂടിയത്. നീറ്റ് ചോദ്യക്കടലാസ് ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ജമാലുദ്ദീൻ സഹായിച്ചെന്നാണ് വിവരം. ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. ഗുജറാത്തിലെ ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.
നീറ്റിന്റെ ഹസാരിബാഗ് സിറ്റി കോഡിനേറ്ററായി മേയ് അഞ്ചിനാണ് എഹ്സനുല്‍ ഹഖിനെ എന്‍.ടി.എ. നിയോഗിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലത്തെ എന്‍.ടി.എ. നിരീക്ഷകനായും ഒയാസിസ് സ്‌കൂളിലെ സെന്റര്‍ കോഡിനേറ്ററായും നിയോഗിച്ചിരുന്നു. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സി.ബി.ഐ. വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഒറ്റക്കെട്ടായി നീറ്റ് വിഷയം ഉയര്‍ത്തി ആഞ്ഞടിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. വിഷയം സഭയുടെ മറ്റു കാര്യപരിപാടികള്‍ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാജ്യസഭയിലെ പ്രതിഷേധത്തില്‍ ബി.ജെ.ഡി.യും പങ്കെടുത്തു. വിദ്യാര്‍ഥിപ്രശ്‌നങ്ങളില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന് യുവാക്കള്‍ക്ക് സന്ദേശം നല്‍കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. രാഹുലിന്റെ സംസാരം തുടരാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. മൈക്ക് ഓഫ് ചെയ്ത് രാഹുലിന്റെ സംസാരം സ്പീക്കര്‍ തടഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.