25 C
Kottayam
Saturday, May 18, 2024

‘നീറ്റ്’ പരീക്ഷ മാറ്റില്ലെന്ന് കേന്ദ്രം,രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്,സുപ്രീംകോടതി വിധി ഇന്ന്

Must read

ഡല്‍ഹി: നീറ്റ് – ജെഇഇ പരീക്ഷകളില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 660 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. ഇവിടേക്ക് വേണ്ട പത്ത് ലക്ഷം മാസ്‌കുകള്‍, ഇരുപത് ലക്ഷം കൈയുറകള്‍, 1300 തെര്‍മല്‍ സ്‌കാനറുകള്‍, 6600 ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍പ്പടെ സജ്ജമാക്കിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

മഹാമാരിക്കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചേക്കും. കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകപ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ.

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താല്‍ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തില്‍ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

കൊവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളില്‍ തുടരുമ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്. അതിനിടയില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, വലിയ കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

പരീക്ഷാനടത്തിപ്പിനെതിരെ കോണ്‍ഗ്രസ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. ഇന്നലെ തുടങ്ങിയ എന്‍.എസ്.യു.ഐ-യുടെ സത്യഗ്രഹ സമരവും തുടരുകയാണ്.

അതേസമയം, സര്‍വ്വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ സെപ്റ്റംബര്‍ 31-നകം പൂര്‍ത്തിയാക്കാനുള്ള യുജിസി തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക. കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെ ഉള്‍പ്പടെയുള്ളവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യുജിസി സുപ്രീംകോടതിയെ അറിയിച്ചത്. പരീക്ഷ നടത്താനായി കോളേജുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നല്‍കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും ഹര്‍ജിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week