നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐ റോയി പി. വര്‍ഗീസിനെ (54) ഹൃദയാഘാതത്തെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്കു വിധേയമാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത റോയി വര്‍ഗീസിനെ ദേവികുളം സബ്ജയിലില്‍നിന്നു ഇന്നലെ വൈകിട്ട് 6.30നാണു മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കാര്‍ഡിയോളജി വിഭാഗത്തില്‍ വിദഗ്ധപരിശോധന നടത്തി രാത്രി 10.30ന് ആശുപത്രിയില്‍ അഡ്മിറ്റാക്കുകയായിരുന്നു.
ഇതിനിടെ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഇരയായവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. രാജ്കുമാറും സംഘവും വായ്പ വാഗ്ദാനം ചെയ്ത് 1000 രൂപ മുതല്‍ 10,000 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയവരില്‍നിന്നാണ് മൊഴിയെടുത്തത്. പരാതി നല്‍കാന്‍ തയാറാകാതിരുന്നവരെ കണ്ടെത്തിയും മൊഴിയെടുക്കുന്നുണ്ട്.