നിലമ്പൂര്‍: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) എത്തി. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്ന നിരവധി പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് സേന രക്ഷാപ്രവര്‍ത്തനം നടത്തും. നിലമ്പൂരിലെ കയ്പ്പിനി ക്ഷേത്രത്തില്‍ 250 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത് കൂടാതെ രാത്രിയില്‍ അടക്കം നിരവധി പേര്‍ സഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഫോണിലൂടെ ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. കനത്തമഴയില്‍ നിലമ്പൂരും പരിസരപ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. നിലമ്പൂരില്‍ ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും.