ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്ന് എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. 292 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചത്. 240 സീറ്റില്‍ വിജയിച്ച ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തനിച്ച് 370 സീറ്റും മുന്നണിക്ക് 400 സീറ്റും ലഭിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളയുന്നതും ഈ തിരഞ്ഞെടുപ്പില്‍ കണ്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് 303 സീറ്റ് നേടിയ ബി ജെ പിക്ക് ഇത്തവണ നഷ്ടമായത് 63 സീറ്റാണ്. 441 സീറ്റുകളിലാണ് ബി ജെ പി ഇത്തവണ മത്സരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം എന്‍ ഡി എ പാളയത്തില്‍ തിരികെ എത്തിയ ജെ ഡി യുവും ടി ഡി പിയുമാണ് എന്‍ ഡി എക്ക് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത്. ടി ഡി പി 16 സീറ്റും ജെ ഡി യു 12 സീറ്റും നേടി.
ശിവസേന ഷിന്‍ഡെ വിഭാഗത്തിന് ആറ് സീറ്റും എല്‍ ജെ പിക്ക് അഞ്ച് സീറ്റുമാണ് ലഭിച്ചത്. ജെ ഡി എസ്, ജെ എസ് പി, ആര്‍ എല്‍ ഡി എന്നീ കക്ഷികള്‍ക്ക് രണ്ട് സീറ്റ് വീതം ലഭിച്ചു. എന്‍സിപി, യുപിപിഎല്‍, എച്ച്എഎംഎസ്, എജിപി, എഡിഎല്‍, എജെഎസ് യു എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. മറുവശത്ത് ഒന്നിച്ച് നിന്ന പ്രതിപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയമാണ് ലഭിച്ചത്.
233 സീറ്റില്‍ ഇന്ത്യാ സഖ്യം വിജയിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യത്താനായിരുന്നു മേല്‍ക്കൈ. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 99 സീറ്റില്‍ വിജയിച്ചു. 328 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
71 സീറ്റില്‍ മത്സരിച്ച എസ്പി 37 സീറ്റിലും വിജയിച്ചു. ഇന്ത്യാ സഖ്യത്തിന് പുറത്ത് നിന്ന് മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റില്‍ ജയിച്ചു. ഫലത്തില്‍ ഈ സീറ്റുകള്‍ ഇന്ത്യാ മുന്നണിക്ക് തന്നെ ലഭിക്കും. ഡിഎംകെ 22, ശിവസേന (യുബിടി) 9, എന്‍സിപി (ശരദ് പവാര്‍) 7, ആര്‍ജെഡി 4, സിപിഎം 4 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില. ആം ആദ്മി, മുസ്ലീം ലീഗ്, ജെഎംഎം എന്നിവര്‍ മൂന്ന് വീതം സീറ്റ് നേടി.
വിസികെ, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎംഎല്‍, സിപിഐ എന്നിവര്‍ രണ്ട് വീതം സീറ്റുകളും എംഡിഎംകെ, ആര്‍എസ്പി, ആര്‍എല്‍പി, കെഇസി, ബിഎപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. ഇന്ത്യാ സഖ്യത്തിന് ആകെ 233 സീറ്റുകളാണ് ലഭിച്ചത്. ഇരുമുന്നണിയിലും ഉള്‍പ്പെടാത്തവര്‍ 18 സീറ്റും സ്വന്തമാക്കി. ഏഴ് സീറ്റ് സ്വതന്ത്രര്‍ക്കാണ്. വൈഎസ്ആര്‍സിപി നാല് സീറ്റില്‍ ജയിച്ചു.
ബിജെഡി, എസ്‌കെഎം, എ ഐ എം ഐ എം, ശിരോമണി അകാലിദള്‍, വിപിപി, ഇസഡ്പിഎം, എഎസ്പികെആര്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. അതേസമയം എന്‍ഡിഎ പാളയത്തിലുള്ള ടിഡിപിയും ജെഡിയും ഒപ്പം വരികയും മറ്റുള്ളവര്‍ പിന്തുണ നല്‍കുകയും ചെയ്താല്‍ ഇന്ത്യാ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാം. ഏതായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ നിറയുക എന്നത് ഉറപ്പാണ്.