ഡാ മോനേ.. ചേച്ചി എത്തി; രംഗണ്ണന്റെ’കരിങ്കാളി’ റീൽസുമായി നവ്യാ നായർ, വീഡിയോ
കൊച്ചി:2001ൽ പുറത്തിറങ്ങിയ ‘ഇഷ്ടം’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യാ നായർ. ഇപ്പോൾ വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ജിത്തു മാധവൻ സംവിധാനം ചെയ്ത് നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ‘ആവേശം’ എന്ന ചിത്രത്തിലെ വളരെ ഹിറ്റായ ഒരു രംഗമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ആവേശം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ കഥാപാത്രമായ രംഗണ്ണൻ ‘കരിങ്കാളി’ എന്ന ഗാനത്തിൽ റീൽസ് ചെയ്യുന്നുണ്ട്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും നിരവധി പേർ അനുകരിക്കുകയും ചെയ്തു. ഇതാണ് നവ്യയും ചെയ്തിരിക്കുന്നത്. ‘എന്റെ സമീപകാലത്തെ പ്രിയപ്പെട്ടത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്. രംഗണ്ണനെ പോലെ വേഷവും ധരിച്ചിട്ടുണ്ട്.
‘അങ്ങനെ അങ് വിട്ട് കളയാൻ പറ്റുമോ? ശ്രദ്ധിച്ചൂടെ അമ്പാനേ? ഇനി ശ്രദ്ധിക്കാം അണ്ണാ, എത്ര തളർത്താൻ ശ്രമിച്ചാലും ഞാൻ നന്നാവൂല്ല, അതിന് വേണ്ടി കമന്റ് ഇടേണ്ട’, താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വീഡിയോ പെട്ടെന്ന് തന്നെ വെെറലായിട്ടുണ്ട്. നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. പലരും നവ്യയെ അഭിനന്ദിച്ചാണ് രംഗത്തെത്തിയത്. നന്നായിട്ടുണ്ടെന്നും രംഗ ചേച്ചിയെന്നും പലരും കമന്റ് ചെയ്തു.
അടുത്തിടെ വസ്ത്ര വ്യാപാര രംഗത്തും സജീവമാകാൻ നവ്യ പുതിയ ബിസിനസ് ആശയവുമായി എത്തിയിരുന്നു. ഒരിക്കൽ ധരിച്ചതോ അല്ലെങ്കിൽ വാങ്ങിയിട്ടും ഉടുക്കാത്തതോ പോയ സാരികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് താരം. “പ്രീ ലവ്ഡ് ബൈ നവ്യാ നായർ” എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് വിൽപ്പന. ലിനൻ സാരികൾക്ക് 2500 രൂപയും കാഞ്ചീപുരം സാരികൾക്ക് 4600 രൂപ വരെയും ബനാറസ് സാരികൾക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാർജും നൽകണം.
2002ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ നവ്യയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് തമിഴിലും കന്നഡയിലും അഭിനയിച്ചു. വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തിയത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് താരത്തിന്റെ ഏറ്റവുമൊടുവിൽ തീയറ്ററുകളിൽ എത്തിയ ചിത്രം.