BusinessKeralaNews

കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയാംഗീകാരം,രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു.

ത്രസ്റ്റ് ഓൺ എം എസ് എം ഇ എന്ന വിഷയത്തിൽ കേരളം കൂടാതെ യു പി യുടെ വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട് പദ്ധതിയാണ് പരാമർശിക്കപ്പെട്ടത്. മൂന്നു ദിവസം നടന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയ്, അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പു സെക്രട്ടറി സുമൻ ബില്ല, ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്. കഴിഞ്ഞ മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി.

‘സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുന്നു. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെച്ചത്. പല മാനങ്ങൾ കൊണ്ട് ഇത് ഇന്ത്യയിൽ തന്നെ പുതു ചരിത്രമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ നിരവധിയുണ്ട്. ഇപ്പോൾ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകൾക്കാണ്. ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്’- വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിൽ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.

ദേശീയ തലത്തിൽ വിലയിരുത്തപ്പെട്ട പദ്ധതിയുടെ പ്രത്യേകതകൾ ഇവയാണ്. ലക്ഷ്യം നേടിയ ദിവസം മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ട്.

ലക്ഷ്യം നേടിയ ദിവസത്തെ കണക്കു പ്രകാരം കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 40622 പേർക്ക് തൊഴിൽ നൽകാൻ ഈ കാലയളവിൽ സാധിച്ചു. 16129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാർമെന്റ്‌സ് ആൻഡ് ടെക്സ്‌റ്റൈൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 22312 തൊഴിലവസരങ്ങളാണ്. 10743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 7048 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16156 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 54108 തൊഴിലുകൾ നൽകുന്നതിനായി 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായിട്ടുണ്ട്.

പദ്ധതി പ്രകാരമുള്ള പുതിയ കണക്ക് പ്രകാരം ജ്രനുവരി 8 ) ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 118509 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി. സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന- ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചു.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക് സംവിധാനം നടപ്പിലാക്കി. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചു നിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചതായി പി രാജീവ് പറഞ്ഞു.

ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ സാമ്പത്തിക വർഷാവസാനത്തോടെ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അവശേഷിക്കുന്ന ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker