കോട്ടയം: പ്രതിസന്ധികളില്‍ തളരാതെ നഷ്ടപ്പെട്ടെന്നു കരുതിയ സൗഭാഗ്യങ്ങള്‍ തിരിച്ചുപിടിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നസ്രീന്‍ ബഷീറെന്ന യുവാവ് സമൂഹത്തിനു മാതൃകയാകുന്നു. വാഹനാപകടത്തില്‍പ്പെട്ട് മരണവുമായി മുഖാമുഖം കണ്ട് ഒരാഴ്ചയോളം ബോധരഹിതനായി ഐ.സിയുവില്‍ കിടക്കേണ്ടിവന്നപ്പോള്‍ അപ്പു എന്ന് വിളിപ്പേരുള്ള നസ്രീന് പകരം കൊടുക്കേണ്ടി വന്നത് തന്റെ ഒരു കാലാണ്. വലതുകാല്‍ നഷ്ടപ്പെട്ടിട്ടും നസ്രീന്‍ തന്റെ ആത്മവിശ്വാസം മുറുകെ പിടിച്ച് ജീവത്തോട് പോരാടി. രണ്ടര വര്‍ഷത്തിനുശേഷം നസ്രീന്‍ കേരളാ സംസ്ഥാന ടീമിന്റെ ജേഴ്‌സി അണിഞ്ഞു ദേശീയ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങുമ്പോള്‍ അത് പ്രതിസന്ധികളില്‍ പെട്ട് നിരാശരായി കഴിയുന്നവര്‍ക്കുള്ള അതിജീവനത്തിന്റെ വലിയ പാഠമാണ്.
നാഗര്‍കോവിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സമയത്താണ് നസ്രീമിനെ തേടി വാഹനാപകടത്തിന്റെ രൂപത്തില്‍ ആ ദുര്‍വിധി കടന്നുവന്നത്. സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നസ്രീന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗത്തിലെത്തിയ ഒരു കാര്‍ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നസ്രീന്റെ ദേഹത്തുകൂടി മറുവശത്തു നിന്നു വന്ന ലോറി കയറിയിറങ്ങി. അപകടത്തില്‍ ഒരു കാല്‍ പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞു. റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന നസ്രീനിനെയും സുഹൃത്തിനെയും അതുവഴി വന്ന അപരിചതരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി ഏഴാമത്തെ ദിവസമാണ് നസ്രീന്‍ കണ്ണു തുറന്നത്.
കണ്ണുതുറന്നപ്പോഴാണ് നസ്രീന്‍ ആ ഞെട്ടിക്കുന്ന രഹസ്യം മനസിലാക്കിയത്. തന്റെ ഒരു കാല്‍ പൂര്‍ണ്ണമായും മുറിച്ച് നീക്കിയിരിക്കുന്നു. നട്ടെല്ല് തകര്‍ന്നിരിക്കുന്നു. സ്വന്തം മകന്റെ ദുരവസ്ഥ കണ്ടു ബോധംകെട്ട് വീണ അമ്മ പിന്നെ അധികം കാലം ജീവിച്ചില്ല. അതോടെ അവന്റെ ജീവിതം നരകതുല്യമായി. ഒരു വര്‍ഷം നട്ടെല്ലില്‍ ബെല്‍റ്റിട്ട് കട്ടിലില്‍ തന്നെ ഒരേ കിടപ്പ് കിടക്കേണ്ടി വന്നു നസ്രീന്. എന്നാല്‍ തോറ്റുകൊടുക്കാന്‍ നസ്രീന്‍ തയ്യാറായിരുന്നില്ല. നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ തിരികെ പിടിക്കാന്‍ ആ ചെറുപ്പക്കാരന്‍ സമയം എങ്ങനെയൊക്കെയോ തള്ളി നീക്കി. ആറു മാസത്തിനുള്ളില്‍ എണിറ്റ് നില്‍ക്കാറായപ്പോള്‍ പിതാവ് ഏഴുലക്ഷം രൂപ മുടക്കി ഒരു വിദേശ നിര്‍മ്മിത കാല്‍ വാങ്ങിയതോടെ നസ്രീനിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അതോടെ നസ്രീന്‍ സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങിയെത്തുകയായിരിന്നു.
സുഹൃത്തുക്കള്‍ എന്തിനും ഏതിനും ഒപ്പം നിന്നതോടെ നസ്രീമിന്റെ ജീവിതം വീണ്ടും സന്തോഷപൂര്‍ണ്ണമായി. തുടര്‍ന്ന് അടുത്ത കോളേജില്‍ അഡ്മിഷനും ശരിയാക്കി പഠനവും ആരംഭിച്ചു. അങ്ങനെ നസ്രീന്‍ തനിക്ക് നഷ്ടപ്പെട്ട സ്വര്‍ഗം പടിപടിയായി തിരിച്ച് പിടിച്ചു. ഒരു സുഹൃത്തിനൊപ്പം തൃശൂരില്‍ എത്തി അവിടെ നടന്ന സിറ്റിംഗ് വോളിബോള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏറ്റവും മികച്ച പ്രകടത്തോടെ കേരള സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരിന്നു. ഇനി ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് നസ്രീന്‍. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഖിച്ചിരിക്കാനുള്ളതല്ല ജീവിതമെന്നാണ് നസ്രീനിന്റെ പക്ഷം.