ഭോപ്പാല്‍: ബോളിവുഡ് സൂപ്പർ താരം അമീര്‍ ഖാൻ മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങളിൽ നിന്നും പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. അമീര്‍ ഖാനും നടി കിയാര അദ്വാനിയും അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ വിമര്‍ശനം.
ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ച് വേണം അമീര്‍ ഖാന്‍ ഇത്തരം പരസ്യങ്ങൾ ചെയ്യേണ്ടതെന്നും മിശ്ര ഭോപ്പാലില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും അമീറിനെതിരെ രംഗത്ത് എത്തിയിരുന്നു.
വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അമീറിന്‍റെ ഒരു സ്വകാര്യ ബാങ്കിന്റെ പരസ്യം ഞാൻ കണ്ടു. ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ചുകൊണ്ട് അത്തരം പരസ്യങ്ങൾ ചെയ്യാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. അത് ഉചിതമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ പാരമ്പര്യം, ആചാരങ്ങൾ, ദേവതകൾ എന്നിവയെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് അമീര്‍ ഖാനില്‍ നിന്നും. ഒരു പ്രത്യേക മതത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികൾ. ആരുടെയും വികാരം വ്രണപ്പെടുത്താൻ അദ്ദേഹത്തെ അനുവദിക്കില്ല മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
“സാമൂഹികവും മതപരവുമായ പാരമ്പര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് ബാങ്കുകൾ തീരുമാനം എടുക്കുന്നത് എന്ന് മുതലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അഴിമതി നിറഞ്ഞ ബാങ്കിംഗ് സമ്പ്രദായം മാറ്റിക്കൊണ്ട് ആക്ടിവിസം ചെയ്യണമെന്ന് ഞാൻ കരുതുന്നു. ഇത്രയും മണ്ടത്തരം ചെയ്ത ശേഷം അവര്‍ ഹിന്ദുക്കളെ ട്രോളുന്നു. വിഡ്ഢികൾ.” – വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
സാധാരണ രീതിയില്‍ വിവാഹം കഴിഞ്ഞാല്‍ വധു വരന്‍റെ വീട്ടിലേക്കാണ് പോകുക. എന്നാല്‍ അതിന് വിരുദ്ധമായി രോഗിയായ പിതാവിനെ പരിചരിക്കുന്നതിൽ സഹായിക്കാനാണ് ആമിർ ഖാൻ വധുവിന്‍റെ വീട്ടിലേക്ക് താമസിക്കാന്‍ എത്തുന്നതാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. വധുവിന്‍റെ പാരമ്പര്യത്തിന് വിരുദ്ധമായി വധുവിന്‍റെ വീട്ടിൽ വരന്‍ ആദ്യ ചുവട് വയ്ക്കുന്നത് പരസ്യത്തില്‍ കാണാം. ഇത്തരത്തില്‍ പരമ്പരാഗത രീതികള്‍ മാറ്റുന്ന ബാങ്കിംഗ് അനുഭവം പരസ്യത്തില്‍ പറയുന്ന ബാങ്ക് നല്‍കുന്നു എന്നാണ് പരസ്യം പറയുന്നത്.
എന്നാല്‍ ഇത് വളരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. അമീര്‍ ഖാൻ സമീപകാല ചിത്രമായ ലാൽ സിംഗ് ഛദ്ദ തീയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ബഹിഷ്‌കരണ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പരസ്യവും സമാനമായ ഒരു ഓണ്‍ലൈന്‍ ക്യാംപെയിന് സാക്ഷ്യം വഹിക്കുകയാണ്.