ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് യോഗത്തിനു മുന്‍പ് ഒരു മിനിറ്റ് അദ്ദേഹം മൗനം ആചരിക്കുകയും ചെയ്തു.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അയല്‍ രാജ്യങ്ങളുമായി ഇന്ത്യ എന്നും നല്ല ബന്ധമാണ് പുലര്‍ത്തിയത്. എന്നാല്‍ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ 20 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനയുടെ കമാന്റിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗല്‍വാന്‍ നദിക്കപ്പുറം ഗല്‍വാര്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടല്‍. ഇരുപക്ഷത്തെയും സൈനീകര്‍ തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ല. എന്നാല്‍, കല്ലും വടികളും കൊണ്ട് നടത്തിയ ആക്രമണത്തി ലാണ് ഇരുപക്ഷത്തും ആള്‍നാശമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡല്‍ഹിയില്‍ അറിയിച്ചു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.