
കോഴിക്കോട്: സ്ത്രീകള്‍ കാറിലുണ്ടെങ്കില്‍ മയക്കുമരുന്ന് പരിശോധന ഉണ്ടാവില്ലെന്നാണ് മിക്ക ലഹരി കടത്തുകാരുടെയും ധാരണ. താമരശേരിയില്‍ ലഹരിക്കേസ് പ്രതി ഷിജാസ് പിടിയിലായതിന് പിന്നാലെയാണ് സ്ത്രീകളെ മറയാക്കി ലഹരി വില്‍പ്പന നടക്കുന്നുവെന്ന വിവരം അടിവാരത്തെ 32 കാരി വെളിപ്പെടുത്തിയത്. ജീവന് വരെ ഭീഷണിയുണ്ടായിട്ടും സധൈര്യം മുന്നോട്ടുവന്നിരിക്കുകയാണ് ഷിജാസ് കെണിയിലാക്കി തടവില്‍ പാര്‍പ്പിച്ച് ലഹരി കടത്തിന് ദുരുപയോഗിച്ച യുവതി.
തന്നെ മറയാക്കി ഷിജാസ് ലഹരി വില്‍പന നടത്തിയെന്നും യുവതി ആരോപിച്ചു. ജയിലിലുളള ഷിജാസ് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്ന് യുവതിയും അമ്മയും പറഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ ഇടത്താവളമായി മാറിയിരിക്കുകയാണ് താമരശേരി. ജീവന് തന്നെ ഭീഷണിയായതോടെ, ലഹരി സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ പലരും തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു തുടങ്ങി.
യുവതിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്നു ഇപ്പോള്‍ എംഡിഎംഎ കേസില്‍ ജയിലില്‍ കഴിയുന്ന ഷിജാസ്. ഇയാള്‍ യുവതിയോട് കാട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ല. പൊലീസ് പിടിക്കാതിരിക്കാന്‍, തന്നെയും കൂട്ടിയാണ് ഷിജാസ് ലഹരി വില്‍പ്പനയ്ക്ക് പോയിരുന്നത്. ‘എന്നെ തടവില്‍ വെച്ചു. പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു.
രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും എനിക്ക് ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഉമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാലഞ്ചുതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല. രണ്ടരവര്‍ഷത്തോളം ഞാന്‍ ആ കെണിയിലായിരുന്നു’, യുവതി പറഞ്ഞു.
താമരശ്ശേരി അമ്പായത്തോട്, ചുരം നാലാംവളവ് കേന്ദ്രീകരിച്ചായിരുന്നു ലഹരി കൈമാറ്റം. തന്നെ മുറിയില്‍ പൂട്ടിയിട്ടാണ് അവര്‍ ചെയ്തിരുന്നത്. ആവശ്യം വരുമ്പോള്‍ കാറില്‍ കൊണ്ടുപോയിരുന്നത് ലഹരി കടത്തിനാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഭക്ഷണം തരാതെയാണ് മുറിയില്‍ പൂട്ടിയിട്ടത്. പുറത്തുപോകാതിരിക്കാന്‍ വസ്ത്രങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടിരുന്നു. കയ്യും കാലും കെട്ടിയിട്ടു.
അവര്‍ പുറത്ത് പോകുമ്പോള്‍ എന്നെയും വാഹനത്തില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുമായിരുന്നു. വാഹനത്തില്‍ സ്ത്രീയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
വാര്‍ത്ത പുറത്തുവന്ന ശേഷം ജയിലില്‍ നിന്ന് ഷിജാസ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ഷിജാസും
ഈങ്ങാപ്പുഴയില്‍ അമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറുമെല്ലാം സുഹൃത്തുക്കളാണെന്ന് യുവതി പറഞ്ഞു. യാസിറിന് ലഹരി എത്തിച്ചുനല്‍കിയത് ഷിജാസ് ആയിരുന്നു. താമരശേരി ചുരത്തില്‍ അപകടത്തില്‍ പെട്ട ജീപ്പില്‍ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും യുവതി ആരോപിച്ചു. ഷിജാസിനെ ജനുവരി 25ന് 113 ഗ്രാം എംഡിഎംഎയുമായി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.