KeralaNews

പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണം; അമിത് ഷായ്ക്ക് ബി.ജെ.പിയുടെ കത്ത്

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിവാദം ആളിക്കത്തുന്നതിനിടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്തയച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു.

നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ഡയാണെന്ന് സിപിഎം, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവാദത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി രംഗത്തെത്തി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

അതിന് സഹായം നല്‍കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.ലഹരി മാഫിയ കേരളത്തിലുണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരില്‍ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ വിശ്വാസികളുണ്ട്. അതിന് സംഘ പരിവാര്‍ വേണ്ട. തര്‍ക്കം കൂടുതല്‍ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ലവ് ജിഹാദിന് പുറമേ നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗം ഉപയോഗിക്കുകയാണ്. ഇവര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ജോസഫ് കല്ലറങ്ങാട് പറഞ്ഞിരുന്നു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരിന്നു. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവര്‍ അത് മനസ്സിലാക്കണം. കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരന്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനില്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker