കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്.ഇരുവരേയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ഓഗസ്റ്റിലാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടന്നത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിലായിരുന്നു അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎ-യും കണ്ടെത്തിയിരുന്നു.
ചെന്നൈയിൽ നിന്നെത്തിച്ച മയക്കുമാരുന്നായിരുന്നു പിടിച്ചെടുത്തത്. പരിശോധന മറികടക്കാൻ സംഘം വിദേശയിനം നായ്ക്കളെയും കൊണ്ടായിരുന്നു എത്തിയത്. കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്സൈസ്സ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം ആദ്യമായാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടക്കുന്നത്.