രാജീവ് ഗാന്ധി വധക്കേസ്: നളിനിയ്ക്ക് 27 വര്‍ഷത്തിന് ശേഷം പരോള്‍
മദ്രാസ്: രാജീവ് ഗാന്ധി വധക്കേസില്‍ 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി നളിനിക്ക് അനുമതി നല്‍കിയിരുന്നു. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് ചാവേര്‍ സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.
ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്ന് കോടതി അനുവദിച്ചതോടെയാണ് മൂന്ന് കൊല്ലത്തിന് ശേഷം നളിനി പുറത്തിറങ്ങുന്നത്. ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍, 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സൂപ്രണ്ടിന് നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കരുതല്‍ നടപടിയായി മദ്രാസ് ഹൈക്കോടതിയുടെ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
1991 മേയ് 21 നാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.