സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അജ്ഞാത യുവതിയുടെ സാന്നിധ്യം
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അജ്ഞാത യുവതിയുടെ സാന്നിധ്യം കണ്ടെത്തി. അന്നേ ദിവത്തെ സിസിടിവി ദൃശ്യങ്ങളിലാണ് യുവതിയുടെ സാന്നിധ്യം കണ്ടെത്തിയത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേയ്ക്ക് കയറുന്നത്.
അതേസമയം, സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പോലീസ് നിയന്ത്രണത്തിലായിരുന്നു. കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ഇതോടെ ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുംബൈ പോലീസിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വരികയും ബിഹാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മരണത്തിലെ അവ്യക്തത നീങ്ങണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.