മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്
കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കം ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് നടന്നത്. ഓഗസ്റ്റ് ഒന്നിന് ഉസാം യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തലാഖ് ചൊല്ലി എന്നാണ് പരാതിയില്‍ പറയുന്നത്.
2011ലാണ് ഇരുവരും വിവാഹിതരായത്. ഉസാം പന്തീരാങ്കിവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്നതിനാണ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് മുക്കം പോലീസിനും വടകര റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ ഉസാമും അയാളുടെ അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ഉണ്ട്.
താമരശ്ശേരി കോടതിയിലാണ് കേസ് നടക്കുന്നത്. മുസ്ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
ഇക്കഴിഞ്ഞ ജൂലൈ 30നാണ് മുത്വലാഖ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. ലോക്സഭയില്‍ നേരത്തെ പാസായിരുന്നു.