കൊച്ചി:ആരാധനാലയങ്ങളിലെ വനിതാ പ്രവേശനം സുപ്രീംകോടതിയുടെ വിശാല ബഞ്ച് പരിഗണിയ്ക്കാനിരിയ്‌ക്കെ നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം പറയുന്നു. ചില കാര്യങ്ങള്‍ പണ്ട് മുതല്‍ അനുവര്‍ത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം. അതേസമയം, അയോദ്ധ്യക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നതാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം വ്യക്തമാക്കി.അയോദ്ധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കാന്തപുരം പറഞ്ഞു.
അതേസമയം അയോദ്ധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് .മസ്ജിദ് നിര്‍മാണത്തിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് പറഞ്ഞു.