News

മന്ത്രി റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്, അധിക്ഷേപ പരാമർശവുമായി ലീഗ് നേതാവ്

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ (PA Muhammed Riyas) അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി(Adbdurahiman kallayi). മുസ്ലിം ലീഗ് (Muslim league) സംഘടിപ്പിച്ച വഖഫ് (Waqf) സംരക്ഷണ റാലിയിലായിരുന്നു സെക്രട്ടറിയുടെ പ്രസംഗം.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. ”മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം”-അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു. സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു.

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നു.

പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ലീഗിന് ആഘാതമായിരുന്നു. പിന്നീടാണ് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button