വിദ്യാര്‍ത്ഥിനികളെ സംഗീതം പഠിപ്പിക്കുന്നതു തൊട്ടും തലോടിയും! ഏറ്റുമാനൂര്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഒടുവില്‍ കുടുങ്ങി
കോട്ടയം: വിദ്യാര്‍ഥിനികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന കേസില്‍പ്പെട്ട് മുങ്ങി നടന്ന സംഗീത അധ്യാപകന്‍ അറസ്റ്റില്‍. ഏറ്റുമാനൂരിലെ ഒരു സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വിനെയാണ് കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ അറസ്റ്റു ചെയ്തത്. പോക്‌സോ, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. 15 കേസുകളാണ് അധ്യാപകനെതിരേ രജിസ്റ്റര്‍ ചെയ്തതെന്ന് ഡിവൈഎസ്പി അറിയിച്ചു. 15 പെണ്‍കുട്ടികള്‍ അധ്യാപകനെതിരേ മൊഴി നല്കിയിട്ടുണ്ട്.
കുട്ടികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ഇതെക്കുറിച്ച് കുട്ടികള്‍ ആദ്യം അധ്യാപികയോടും പ്രഥമാധ്യാപകനോടും പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന് സംഗീതാധ്യാപകന്റെ ശല്യം രൂക്ഷമായതോടെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളെ വിവരം അറിയിക്കുകയായിരിന്നു. രക്ഷിതാക്കള്‍ കോട്ടയം എസ് പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഗീതാധ്യാപകനെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരിന്നു.